അഗളി: സ്വതന്ത്ര സ്ഥാനാർഥിക്കുനേരേ വധഭീഷണി മുഴുക്കിയ സിപിഎം അഗളി ലോക്കൽ സെക്രട്ടറി എൻ. ജംഷീറിനെതിരേ മൂന്നു ദിവസത്തിനുശേഷം അഗളി പോലീസ് കേസെടുത്തു. അഗളി പഞ്ചായത്തിൽ 18-ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി വി.ആർ. രാമകൃഷ്ണനെതിരേ വധഭീഷണി മുഴുക്കിയതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്. ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെ അഗളി പോലീസ് രാമകൃഷ്ണന്റെ മൊഴിയെടുത്തിരുന്നു. ശനിയാഴ്ച രാത്രി 7.30 യോടെയാണ് ജംഷീർ ഒമ്മലയിലെ സ്വതന്ത്ര സ്ഥാനാർഥിയായ രാമകൃഷ്ണനെ ഫോണിൽ വിളിച്ചത്.

തിരഞ്ഞെടുപ്പിൽനിന്ന് പിൻമാറാൻ തയ്യാറല്ലെന്ന് രാമകൃഷ്ണൻ പറഞ്ഞതോടെ ജംഷീർ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഞായാറാഴ്ച രാമകൃഷ്ണൻ അഗളി പോലീസിൽ പരാതി നൽകിയെങ്കിലും കോടതിയെ സമീപിക്കാൻ പോലീസ് പറയുകയായിരിന്നു. ഇതിനെത്തുടർന്ന് രാമകൃഷ്ണൻ ജില്ലാ പോലിസ് മേധാവി അജിത്ത്കുമാറിന് പരാതി നൽകി. കഴിഞ്ഞ ദിവസം അഗളി സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിൽ ചേർന്നയോഗം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവിനറായ ജംഷീറിനെ തിരഞ്ഞെടുപ്പ് ചുമതലകളിൽനിന്ന് മാറ്റിയിരുന്നു.

























