കൊച്ചി: നടൻ ദുൽഖർ സൽമാന്റെ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത് മറ്റൊരാളുടെ പേരിലെന്നാണ് വിവരം. വാഹനത്തിന് ഫിറ്റ്‌നസ് ഇല്ലാത്തതിനാൽ മോട്ടോർ വാഹന വകുപ്പിന്റെയും നടപടിയുണ്ടാകും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ദുൽഖർ സൽമാന് കസ്റ്റംസ് ഇന്ന് സമൻസ് നൽകും. വാഹനത്തിന്റെ രജിസ്‌ട്രേഷൻ അടക്കമുള്ള എല്ലാ രേഖകളും ഹാജരാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ദുൽഖർ സൽമാന്റെ നാല് വാഹനങ്ങളാണ് കസ്റ്റംസിന്റെ അന്വേഷണ പരിധിയിലുള്ളത്. ഇതിൽ രണ്ട് വാഹനങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇതിൽ ഒരു വാഹനമാണ് മറ്റൊരാളുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം നടൻ പൃഥ്വിരാജിന്റെ രണ്ട് വാഹനങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പൃഥ്വിരാജിന്റെ വാഹനങ്ങൾ കണ്ടെത്താനാണ് കസ്റ്റംസിന്റെ ശ്രമം.

ഇന്നലെയായിരുന്നു ദുൽഖർ സൽമാന്റെ പനമ്പള്ളി നഗറിലെ വീട്ടിലും പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും കസ്റ്റംസിന്റെ പരിശോധന നടന്നത്. ദുൽഖറിന്റെ രണ്ട് വാഹനങ്ങൾ പിടിച്ചെടുക്കുകയായിരുന്നു. പൃഥ്വിരാജിന്റെ വീട്ടിൽ പരിശോധന നടന്നെങ്കിലും വാഹനം കണ്ടെത്താൻ കഴിഞ്ഞില്ല. നടൻ അമിത് ചക്കാലയ്ക്കലിന്റെ എളമക്കര പൊറ്റക്കുഴിയിലെ വീട്ടിലും പരിശോധന നടന്നിരുന്നു. അമിതിന് എട്ടോളം വാഹനങ്ങളുണ്ടെന്നാണ് വിവരം. അമിതിനെ കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. ഇന്നലെ നടത്തിയ പരിശോധനയിൽ 36 വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കേരളത്തിലേക്ക് 150 മുതൽ 200 വരെ എസ്‌യുവികൾ എത്തിച്ചെന്നാണ് കസ്റ്റംസ് കരുതുന്നത്. വരും ദിവസങ്ങളിലും പരിശോധന വ്യാപിപ്പിക്കാനാണ് കസ്റ്റംസിന്റെ തീരുമാനം. ഭൂട്ടാനീസ് ഭാഷയിൽ വാഹനം എന്ന് അർത്ഥം വരുന്ന നുംഖോർ എന്നാണ് കസ്റ്റംസ് സംഘം ഓപ്പറേഷന് നൽകിയിരിക്കുന്ന പേര്.

























