ന്യൂഡൽഹി : കേരള ഹൗസിൽ മാധ്യമപ്രവർത്തകരോട് ആക്രോശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയെ അപമാനിച്ച കേസിലെ പ്രതിയായ അഭിഭാഷക ദീപ ജോസഫ്. മുഖ്യമന്ത്രി വി ഡി സതീശനെ സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. ദീപ ജോസഫിന്റെ സന്ദർശനത്തെക്കുറിച്ച് തത്സമയ വാർത്ത നൽകി കൊണ്ടിരുന്ന കൈരളി ചാനലിലെ മാധ്യമപ്രവർത്തകയോടാണ് ദീപ ജോസഫ് ആദ്യം തട്ടിക്കയറിയത്. ആരോട് ചോദിച്ചിട്ടാണ് വാർത്ത കൊടുക്കുന്നതെന്ന് ചോദിച്ച് ദീപ ജോസഫ് റിപ്പോർട്ടർക്ക് നേരെ വരികയായിരുന്നു. ഒപ്പം മാധ്യമപ്രവർത്തകയുടെ മൈക്ക് തട്ടിക്കളയാൻ ശ്രമിച്ച ദീപ ജോസഫ് മോശം ഭാഷയിൽ മാധ്യമപ്രവർത്തകയോട് സംസാരിക്കുകയും ചെയ്തു.

ഇത് ചോദ്യം ചെയ്ത് മറ്റ് മാധ്യമപ്രവർത്തകരെത്തിയതോടെ റിപ്പോർട്ടർ ചാനലിന്റെ പ്രതിനിധിക്കുനേരെയും ദീപ ജോസഫ് തട്ടിക്കയറി. മാധ്യമപ്രവർത്തകയോട് കയർക്കുന്നതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയെയും ദീപ ജോസഫ് അധിക്ഷേപിച്ചു. രതിജീവിത എന്നുവിളിച്ചായിരുന്നു ആക്ഷേപം. തിരുത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകയോട് വീണ്ടും തട്ടിക്കയറി. എന്റെ പേരിൽ വാർത്ത കൊടുക്കാൻ ആരാണ് അധികാരം നൽകിയത്. നിന്നോട് ആരാടാ വാർത്ത കൊടുക്കാൻ പറഞ്ഞത്. നി കൊടുത്ത വാർത്ത ഏതാണ്. എന്റെ പിറകെ നടന്ന് വാർത്ത ഉണ്ടാക്കേണ്ട ആവശ്യമില്ല. വാർത്ത ക്യാൻസൽ ചെയ്യ്- ദീപാ ജോസഫ് പറഞ്ഞു.


രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ ആദ്യ പരാതിക്കാരിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലെ പ്രതിയാണ് അഡ്വ ദീപ ജോസഫ്. അധിക്ഷേപത്തിന് കേസെടുത്തത് ചോദ്യം ചെയ്ത് ദീപ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ദീപയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു.























