പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി-2898 AD-യുടെ രണ്ടാംഭാഗത്തിൽ നിന്ന് ബോളിവുഡ് നടി ദീപിക പദുക്കോണിനെ പുറത്താക്കിയിരുന്നു. സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് രണ്ടാംഭാഗത്തിൽ ദീപിക ഉണ്ടായിരിക്കില്ലെന്ന് നിർമാതാക്കള്‍ അറിയിച്ചത്. ഇപ്പോഴിതാ എന്തുകൊണ്ടായിരിക്കാം ദീപികയെ ചിത്രത്തിൽ നിന്ന് പുറത്താക്കിയത് എന്നതുസംബന്ധിച്ച ചർച്ചകൾ ഉയരുകയാണ്. പ്രതിഫലം സംബന്ധിച്ച തർക്കം, ജോലിസമയം തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പമാണ് ദീപിക പുറത്താവുന്നതിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ.

നിശ്ചയിച്ചിരുന്നതിനേക്കാൾ 25ശതമാനം കൂടുതൽ പ്രതിഫലം ദീപിക ആവശ്യപ്പെട്ടുവെന്നാണ് ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ ജോലിസമയം ഏഴുമണിക്കൂറായി കുറയ്ക്കണമെന്നും ദീപിക നിർദേശിച്ചിരുന്നു. ഇക്കാര്യങ്ങളിൽ ദീപികയുമായി ചർച്ച തുടർന്നിരുന്നുവെങ്കിലും സമവായത്തിലെത്താൻ ആയില്ലെന്നും അതാണ് പുറത്താവലിലേക്ക് നയിച്ചതെന്നും റിപ്പോർട്ടിലുണ്ട്.


ജോലിയുടെ ദൈർഘ്യം ഏഴുമണിക്കൂറായി കുറയ്ക്കുന്നതിന് പകരം ദീപികയ്ക്ക് വിശ്രമിക്കാൻ നിർമാതാക്കൾ ലക്ഷ്വറി വാനിറ്റി നൽകാൻ തയ്യാറായിരുന്നെങ്കിലും താരം സമ്മതിച്ചില്ലെന്നാണ് പറയുന്നത്. ആദ്യഭാഗത്തെ അപേക്ഷിച്ച് രണ്ടാംഭാഗത്തിലെ പ്രകടനത്തിന് 25ശതമാനം പ്രതിഫലം കൂട്ടണമെന്നതിലും ചർച്ചകൾ നടന്നു. പ്രഭാസ് പോലും അധികമായി തുക ആവശ്യപ്പെട്ടിട്ടില്ലെന്ന് നടിയെ അറിയിച്ചെങ്കിലും അതും ഫലം കണ്ടില്ലെന്നാണ് നിർമാതാക്കളുടെ അടുത്ത വൃത്തങ്ങൾ അറിയിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
കൂടാതെ ദീപിക 25 പേരടങ്ങുന്ന അനുചരസംഘത്തോടൊപ്പമാണ് ഷൂട്ടിങ് സെറ്റിൽ എത്താറുള്ളതെന്നും റിപ്പോർട്ടിലുണ്ട്. ഇവർക്കെല്ലാം ഫൈവ് സ്റ്റാർ താമസവും ഭക്ഷണവും ആവശ്യപ്പെട്ടിരുന്നു. ഈ സംഘത്തിന്റെ എണ്ണം കുറയ്ക്കണമെന്ന് നിർമാതാക്കൾ അഭ്യർഥിച്ചിരുന്നവെങ്കിലും നടി വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല എന്നാണ് പറയുന്നത്. ഹിന്ദി നിർമാതാക്കൾ നിലവിൽ ഏറ്റവുമധികം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഇതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.























