ഒരു വയസുകാരന്റെ മരണം: പിതാവ് ഷിജിൽ കുഞ്ഞിനെ ഇടിച്ചത് ഉറക്കം നഷ്ടമായതിന്റെ ദേഷ്യത്തിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു വയസുകാരന്റെ മരണത്തിൽ അറസ്റ്റിലായ അച്ഛൻ ഷിജിലിന്റെ കുറ്റസമ്മത മൊഴിയിലെ ഞെട്ടിക്കുന്ന വിശദാംശങ്ങൾ പുറത്ത്. ഉറക്കം നഷ്ടമായതിന്റെ ദേഷ്യത്തിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ഷിജിലിന്റെ മൊഴി. ദേഷ്യത്തിൽ കുഞ്ഞിന്റെ വയറ്റിലിടിച്ചെന്നും ഇയാളുടെ മൊഴിയിലുണ്ട്. അടിമുടി ദുരൂഹമായ കേസിലാണ് ഒടുവിൽ ഷിജിലിൽ നിന്ന് തന്നെ നടന്നത് എന്താണെന്നതിന്റെ നടുക്കുന്ന വിശദാംശങ്ങൾ പുറത്തെത്തിയിരിക്കുന്നത്. ബിസ്‌കറ്റ് കഴിച്ച ശേഷം കുഞ്ഞിന്റെ വായിൽ നിന്ന് നുരയും പതയും വന്നെന്നും അങ്ങനെയാണ് കുഞ്ഞ് മരിച്ചതെന്നുമായിരുന്നു കുട്ടിയുടെ മാതാവിന്റെ മൊഴി.

എന്നാൽ കുഞ്ഞിനെ കൊന്നത് ഷിജിൽ തന്നെയാണെന്നും കൈമുട്ട് കൊണ്ട് വയറ്റിൽ ഇടിച്ച് കൊലപ്പെടുത്തിയതാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. 16-ാം തിയതി പുലർച്ചെയാണ് ദാരുണവും ക്രൂരവുമായ സംഭവം നടക്കുന്നത്. പുലർച്ചെ മൂന്ന് മണിയോടെ കുഞ്ഞ് ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന് കരഞ്ഞ് തുടങ്ങിയതാണ് സംഭവങ്ങളുടെ തുടക്കം. ഭാര്യ ഉടൻ തന്നെ ഉണർന്ന് മുറിയിലെ ലൈറ്റിട്ടു. അതോടെ ഷിജിലിന്റേയും ഉറക്കം നഷ്ടമായി. ഇതിന്റെ ദേഷ്യത്തിലാണ് ഇയാൾ കുഞ്ഞിന്റെ വയറ്റിൽ കൈമുട്ട് കൊണ്ട് ഇടിച്ചത്. കുട്ടി വാവിട്ട് കരഞ്ഞിട്ടും ഷിജിൽ പിന്നീട് കിടന്നുറങ്ങി. പുറമേ പരുക്കില്ലാത്തതിനാൽ ആശുപത്രിയിലും കൊണ്ടുപോയില്ല. പുലർച്ചയോടെ കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു. കുഞ്ഞിന്റെ ആന്തരികാവയവങ്ങളിൽ പരുക്കേറ്റിരുന്നു. കുഞ്ഞിന് വയറ്റിൽ നീർക്കെട്ടുമുണ്ടായി.