വരും തലമുറയ്ക്കുനേരെയാണ് നിങ്ങൾ കണ്ണടച്ചത്’ ; ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ ജൂറിക്കെതിരെ ദേവനന്ദ

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ കുട്ടികളുടെ ചിത്രത്തിനോ ബാലതാരത്തിനോ അവാർഡ് നൽകാത്തതിൽ ജൂറിക്കെതിരെ വിമർശനവുമായി ബാലതാരം ദേവനന്ദ. കുട്ടികളും സമൂഹത്തിൻറെ ഭാഗമാണെന്നും അവർക്കും അവസരം കിട്ടണമെന്നും ദേവനന്ദ സാമൂഹിക മാധ്യമത്തിൽ കുറിച്ചു. ജൂറി കണ്ണടച്ച് ഇരുട്ടാക്കരുത് , വരുന്ന തലമുറയ്ക്കുനേരെയാണ് ജൂറി കണ്ണടച്ചത്.

സ്ഥാനാർത്ഥി ശ്രീകുട്ടനും എആർഎമ്മും അടക്കമുള്ള സിനിമകൾ ചൂണ്ടിക്കാട്ടിയാണ് ദേവനന്ദയുടെ വിമർശനം. സ്താനാർത്തി ശ്രീക്കുട്ടൻ, ഗു, ഫീനിക്സ്, എആർഎം തുടങ്ങിയവയിലടക്കം ഒരുപാട് സിനിമകളിൽ കുട്ടികൾ അഭിനയിച്ചിട്ടുണ്ടെന്നും ഇതെല്ലാം പരിഗണിച്ച് രണ്ടു കുട്ടികൾക്ക് അവാർഡ് കൊടുക്കാതെയല്ല കൂടുതൽ കുട്ടികളുടെ സിനിമ ചെയ്യണമെന്ന് പറയേണ്ടതെന്നും ദേവനന്ദ വിമർശിച്ചു.

അവാർഡ് പ്രഖ്യാപനത്തിനിടെ ജൂറി ചെയർമാൻ പ്രകാശ് രാജ് കുട്ടികളുടെ അവാർഡ് സംബന്ധിച്ച പ്രതികരണം നടത്തിയ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ദേവനന്ദയുടെ വിമർശനം. കൂടുതൽ കുട്ടികളുടെ സിനിമ ചെയ്യണം എന്ന് പറയേണ്ടത് അവാർഡ് നിഷേധിച്ച് കൊണ്ടല്ലെന്നും ദേവനന്ദ പറയുന്നു.

ഇത്തവണ ബാലതാരങ്ങൾക്കുള്ള പുരസ്കാരത്തിൽ ആരെയും ഉൾപ്പെടുത്തിയിട്ടില്ലെന്നും കുട്ടികളുടെ ചിത്രം നിർമിക്കുന്നതിനെക്കുറിച്ച് സിനിമ മേഖലയിലുള്ളവർ ചിന്തിക്കണമെന്നായിരുന്നു ജൂറി ചെയർമാൻ പ്രകാശ് രാജ് ഇന്നലെ പ്രതികരിച്ചത്. യുവാക്കളും യുവതികളും മുതിർന്നവരും മാത്രമല്ല സമൂഹത്തിലുള്ളത്. കുട്ടികളുടെ സമൂഹത്തിൻറെ ഭാഗമാണ്.

എന്താണ് കുട്ടികൾ ചിന്തിക്കുന്നതെന്നും അവരുടെ ലോകം എന്താണെന്നും കുട്ടികളുടെ സിനിമകളിലൂടെ കാണിക്കണം. സിനിമകളിൽ കുട്ടികൾ അഭിനയിച്ചുവെന്ന് കരുതി അത് കുട്ടികളുടെ സിനിമയാകില്ല. കുട്ടികൾ എന്താണ് ചിന്തിക്കുന്നതെന്ന് ആ സിനിമയിലൂടെ പുറത്തുവരേണ്ടതുണ്ട്. ഒരു സിനിമയും കുട്ടികളുടെ ഭാഗത്തുനിന്നുള്ളതായി ഉണ്ടായില്ലെന്നുമായിരുന്നു പ്രകാശ് രാജ് പറഞ്ഞു.