നടൻ മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാലുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ദുൽഖർ സൽമാൻ. പ്രണവിന്റെ ജീവിതരീതിയും സിനിമാ തിരഞ്ഞെടുപ്പുകളും ഇഷ്ടമാണെന്ന് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ ദുൽഖർ പറഞ്ഞു. പ്രണവിനേക്കാൾ സുചിത്ര മോഹൻലാലുമായാണ് അടുപ്പം. പ്രണവിന്റെ ചിത്രങ്ങൾ പുറത്തിറങ്ങുമ്പോൾ അവ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാൻ സുചി ആന്റി ആവശ്യപ്പെടാറുണ്ടെന്നും ദുൽഖർ പറഞ്ഞു.

‘പ്രണവിനെ കുട്ടിക്കാലം മുതൽ അറിയാമെന്നും പ്രണവ് തന്നേക്കാൾ ഇളയതാണെന്നും ദുൽഖർ പറഞ്ഞു. ചെറുപ്പത്തിൽ ഒന്നിച്ചുകൂടുമ്പോൾ പ്രണവിനും ബന്ധുക്കളായ മറ്റ് കുട്ടികൾക്കുമൊപ്പം വീഡിയോ ഗെയിമും മറ്റും കളിച്ചിട്ടിട്ടുണ്ട്. അതിനുശേഷം ഞാൻ കോളേജ് വിദ്യാഭ്യാസത്തിനായി പോയി. പ്രണവും പഠനത്തിന്റെ തിരക്കിലായി. മുതിർന്ന ശേഷം ഞങ്ങൾ ഒന്നിച്ചിരുന്ന് സംസാരിച്ചിട്ടില്ല. പക്ഷേ, പ്രണവിന്റെ ഒരു നല്ല സിനിമ വരുമ്പോഴോ പുതിയ സിനിമ റിലീസ് ചെയ്യുമ്പോഴോ വലിയ സന്തോഷമാണ്’- ദുൽഖർ പറഞ്ഞു.


പ്രണവിന്റെ അമ്മ സുചിത്ര മോഹൻലാലുമായി വളരെ അടുത്ത ബന്ധമുണ്ടെന്നും ദുൽഖർ വ്യക്തമാക്കി. ‘പ്രണവിന്റെ സിനിമകൾ വരുമ്പോൾ സുചി ആന്റി എന്നോട് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാൻ പറയും. ആന്റി സോഷ്യൽ മീഡിയയിൽ ഇല്ല, ഞാൻ അത് സന്തോഷത്തോടെ ചെയ്യാമെന്ന് പറയും’.- ദുൽഖർ പറഞ്ഞു.
മുതിർന്നവരെപ്പോലെ ഒരു സംഭാഷണം തനിക്കും പ്രണവിനും ഇടയിൽ സംഭവിച്ചിട്ടില്ല എന്നത് കൗതുകകരമാണെന്നും ദുൽഖർ പറഞ്ഞു. ഞങ്ങളുടെ ജീവിതരീതികൾ വളരെ വ്യത്യസ്തമാണ്. പ്രണവ് എപ്പോഴും യാത്രകളിലും മറ്റുമാണ്. സ്വന്തം ഇഷ്ടത്തിന് അനുസരിച്ചുള്ള പ്രണവിന്റെ ജീവിതം വളരെ ഇഷ്ടമാണെന്നും ദുൽഖർ കൂട്ടിച്ചേർത്തു.























