കാസർകോട്: പിഎസ്‌സി പരീക്ഷ ആരംഭിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ ഉദ്യോഗാർത്ഥിയുടെ ഹാൾ ടിക്കറ്റ് പരുന്ത് റാഞ്ചി. രാവിലെ കാസർകോട് ഗവ. യുപി സ്കൂളിലാണ് പരീക്ഷയെഴുതാൻ എത്തിയ ഉദ്യോഗാർഥികളെ മുഴുവൻ ആശങ്കയിലാക്കിയ സംഭവം അരങ്ങേറിയത്. പിഎസ്‌സി ഡിപ്പാർട്ട്മെന്റല്‍ ടെസ്റ്റ് എഴുതാനെത്തിയതായിരുന്നു ഉദ്യോഗാർഥി. പരീക്ഷ ഹാളിൽ കയറുന്നതിന് മുമ്പ് പരീക്ഷയ്ക്ക് വരാനുള്ള ഭാഗങ്ങൾ അവസാനവട്ടം നോക്കിയിരിക്കെയാണ് സമീപത്ത് വച്ചിരുന്ന ഹാൾടിക്കറ്റ്, എവിടെ നിന്നോ പറന്നുവന്ന പരുന്ത് റാഞ്ചിയെടുത്തത്. രാവിലെ 7.30 മുതൽ 9.30 വരെയാണ് വിവിധ വകുപ്പുകളിലെ ജീവനക്കാർക്കായി പിഎസ്‌സി പരീക്ഷ നടന്നത്. റാഞ്ചിയെടുത്ത ഹാൾടിക്കറ്റുമായി പരുന്ത് പരീഷാഹാളിന് മുകളിലെ ജനാലയിൽ ഇരിപ്പുറപ്പിച്ചു.

ഞെട്ടിപ്പോയ ഉദ്യോഗാർഥിയോടൊപ്പം പരീക്ഷയ്ക്കായി സ്കൂളിലെത്തിയ മുന്നൂറോളം ഉദ്യോഗാർഥികളും പരീക്ഷ നടത്താനായി എത്തിയവരും ബഹളം കൂട്ടിയെങ്കിലും പരുന്തിന് ഒരു കുലുക്കവും ഇല്ല. ഹാൾടിക്കറ്റും ചുണ്ടിലാക്കി കൂസലില്ലാതെ ഇരിപ്പു തുടർന്നു. പരീക്ഷ സമയം അടുത്തതോടെ പരീക്ഷ നടത്താനെത്തിയവരും ഉദ്യോഗാർഥികളും പിരിഞ്ഞു. നിയമമനുസരിച്ച് ഉദ്യോഗാർഥിയെ പരീക്ഷാഹാളിന് അകത്ത് കയറ്റണമെങ്കിൽ ഹാൾടിക്കറ്റുണ്ടെങ്കിലേ കഴിയൂ. എന്ത് ചെയ്യണമെന്നറിയാതെ ഉദ്യോഗാർത്ഥിയും. കൂടെനിന്ന ചിലർ കല്ലെടുത്തറിയാൻ ഉപദേശിച്ചെങ്കിലും ഹാൾടിക്കറ്റുമായി പരുന്ത് ദൂരേക്ക് എങ്ങാനും പറന്നുപോയാൽ ഉള്ള പ്രതീക്ഷ കൂടി പോയാലോ എന്നുകരുതി അതിന് മുതിർന്നില്ല. പരീക്ഷ തുടങ്ങാനുള്ള അവസാന ബെല്ലടിക്കുന്നതിന് തൊട്ടുമുമ്പ്, പരുന്ത് ഹാൾടിക്കറ്റ് താഴെയിട്ട് വന്നേ വഴിയേ പറന്നു. മുകളിൽ നിന്ന് പറന്നുവീണ ഹാൾടിക്കറ്റുമായി ഉദ്യോഗാർഥി പരീക്ഷാഹാളിലേക്കും പാഞ്ഞു. സംഭവമറിഞ്ഞ് യുപി സ്കൂളിലെത്തിയ മാധ്യമപ്രവർത്തകരെ കാണാതെ ഉദ്യോഗാർത്ഥി ആൾത്തിരക്കിലേക്ക് മറഞ്ഞു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്.

























