ഡല്‍ഹി: ബർത്ത് പൊട്ടിവീണ് മലയാളി മരിച്ചതിൽ വിശദീകരണവുമായി റെയിൽവേ. മലപ്പുറം പൊന്നാനി സ്വദേശി അലി ഖാൻ ആയിരുന്നു തെലങ്കാനയിൽ വെച്ച് ബർത്ത് പൊട്ടി വീണ് മരിച്ചത്. എന്നാൽ മരണത്തിനിടയാക്കിയത് ബർത്ത് കൃത്യമായി ലോക്ക് ചെയ്യാതിരുന്നത് കൊണ്ടാണെന്നാണ് റെയിൽവേ വിശദീകരിക്കുന്നത്.

ബർത്തിന് കേടുപാടുകളില്ലെന്ന് ദക്ഷിണ റെയിവേ വ്യക്തമാക്കുന്നു. ഡൽഹിയിൽ വെച്ച് റെയിൽവേയുടെ എഞ്ചിനീയർമാർ ബർത്ത് പരിശോധിച്ചെന്നും പ്രശ്നങ്ങളൊന്നും ഇല്ലെന്നും റെയിൽ വിശദീകരിച്ചു. കിടന്നുറങ്ങുമ്പോഴല്ല അപകടം സംഭവിച്ചതെന്നം എഴുന്നേറ്റപ്പോഴാണ് സംഭവിച്ചതെന്നും റെയിൽ വ്യക്തമാക്കി.


ചൊവ്വാഴ്ചയായിരുന്നു അപകടം സംഭവിച്ചത്. അലിഖാൻ കിടന്ന ബർത്തിലേക്ക് മധ്യഭാഗത്തെ ബർത്ത് പൊട്ടിവീഴുകയായിരുന്നു. ഡൽഹിയിലേക്കുള്ള യാത്രക്കിടെ തെലുങ്കാന വാറങ്കലിൽ വെച്ചായിരുന്നു സംഭവം. റെയിൽവേ അധികൃതർ വാറങ്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അലി ഖാൻ മരിച്ചു.























