തിരുവനന്തപുരം: പിണറായി വിജയന്റെ ബേക്കറി ജംക്ഷനിലെ വീട്ടില്‍ റെയ്ഡ് പൂർത്തിയായതിനു പിന്നാലെ സംഘർഷം. സിപിഎം പ്രവർത്തകർ ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ചു. പ്രവർത്തകർ കല്ലും കുപ്പികളും വാഹനങ്ങൾക്കു നേരെ എറിഞ്ഞു. കാറിന്റെ ചില്ലുകൾ തകർത്തു. മൂന്നു വാഹനങ്ങൾ തകർത്തു. വീടിനു പുറത്ത് നിന്ന പൊലീസുകാരുടെ ഹെല്‍മറ്റ് വലിച്ചെടുത്ത് ഉള്ളില്‍നിന്ന സിആര്‍പിഎഫ് ജവാന്മാര്‍ക്കു നേരെ എറിഞ്ഞു. പ്രവര്‍ത്തകര്‍ കുപ്പി എറിയുകയും ചെയ്തു. കാറിന്റെ ഡ്രൈവർക്ക് പരുക്കേറ്റു. സ്വന്തം പാർട്ടിക്കാരല്ലാത്തവർക്കു നേരെ ഇഡിയുടെ പരിശോധന നടന്നോട്ടെ എന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് പിണറായി വിജയൻ പ്രതികരിച്ചു.

‘റെയ്ഡ് നടത്തി തളർത്തിക്കളയാമെന്ന് കരുതണ്ട. എല്ലാ കാലത്തും പാർട്ടിയുടെ അകമഴിഞ്ഞ പിന്തുണയാണ് ലഭിക്കുന്നത്. അതിന് ഒരു കുറവുമില്ലെന്നതിന്റെ തെളിവാണ് ഇന്ന് കണ്ടത്. ഏറെ കാര്യങ്ങൾ പറയാനുണ്ട്. എന്നാൽ അത് പിന്നീട് പറയാം’ – പിണറായി വിജയൻ പറഞ്ഞു. ഡൽഹി ഇ.ഡി ആസ്ഥാനത്തെ പ്രതിഷേധ മാർച്ചിനിടെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, വീണ വിജയന്റെ നിക്ഷേപ വിവരങ്ങൾ ലഭിച്ചെന്നും അവ വിശകലനം ചെയ്യുമെന്നും ഇ.ഡി ഉദ്യോഗസ്ഥർ അറിയിച്ചു.


പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരം ബേക്കറി ജംക്‌ഷനിലെ വാടക വീട്ടിലും മരുമകനും ബേപ്പൂർ എംഎൽഎയുമായ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ട് കോട്ടുളിയിലെ വീട്ടിലും അടക്കം 12 ഇടത്താണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) രാവിലെ പരിശോധന ആരംഭിച്ചത്.
മാസപ്പടി കേസില്‍ ഇ.ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിനു പിന്നാലെയാണ് നടപടി. പിണറായി വിജയൻ, അദ്ദേഹത്തിന്റെ മകൾ വീണ വിജയൻ എന്നിവരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. വ്യാജ ചെലവുകളുടെ മറവിൽ സിഎംആർഎൽ കമ്പനിയിൽ നിന്ന് വിവിധ വ്യക്തികൾക്ക് കോടിക്കണക്കിന് രൂപ ഫണ്ടായി വകമാറ്റി നൽകിയെന്നാണ് കേസ്. ഇത്തരത്തിൽ നിയമവിരുദ്ധമായി പണം കൈപ്പറ്റിയ പ്രധാന ഗുണഭോക്താക്കളിൽ ഒരാൾ മുൻ മുഖ്യമന്ത്രി വിജയന്റെ മകൾ വീണ വിജയനാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഇ.ഡി അറിയിച്ചു.























