തിരുവനന്തപുരം : പെരുമ്പാവൂർ മുൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസിൽ പരാതിക്കാരി മൊഴിമാറ്റി. നെയ്യാറ്റിൻകര കോടതിയിലെ വിചാരണയ്ക്കിടെയാണ് എൽദോസ് പീഡിപ്പിച്ചിട്ടില്ലെന്നു പരാതിക്കാരി പറഞ്ഞത്. രണ്ടും മൂന്നും പ്രതികളും എംഎല്‍എയുടെ സുഹൃത്തുക്കളുമായ റനിഷ, സിപ്പി നൂറുദ്ദീന്‍ എന്നിവര്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും വിചാരണയ്ക്കിടെ അതിജീവിത കോടതിയോട് പറഞ്ഞു.

കോടതിയിൽ നേരിട്ടെത്തിയാണ് എൽദോസിനെതിരെ പരാതിയില്ലെന്നും തന്നെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പരാതിക്കാരി പറഞ്ഞത്. അതിജീവിതയ്ക്ക് ഒപ്പമുണ്ടായിരുന്ന 2 സാക്ഷികളുടെ മൊഴികളും പ്രതികള്‍ക്ക് അനുകൂലമായി. ഏത് സാഹര്യത്തിലാണ് അതിജീവിത മൊഴിമാറ്റിയത് എന്നതിൽ വ്യക്തതയില്ല. എൽദോസ് കുന്നപ്പിള്ളിയും കേസിലെ രണ്ട്, മൂന്ന് പ്രതികളും കോടതിയിലെത്തിയിരുന്നു. കേസിന്റെ തുടർനടപടി കോടതി നാളെ പരിഗണിക്കും.


2022 സെപ്റ്റംബർ 28നാണു ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ യുവതി എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതി നൽകിയത്. മദ്യപിച്ചു വീട്ടിലെത്തി തന്നെ ഉപദ്രവിച്ചെന്നും പിന്നീട് കാറിൽ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോൾ വീണ്ടും ഉപദ്രവിച്ചെന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു. പരാതി പിൻവലിക്കാൻ 30 ലക്ഷം രൂപ എൽദോസ് വാഗ്ദാനം ചെയ്തെന്നും യുവതി നേരത്തേ വെളിപ്പെടുത്തിയിരുന്നു.























