‘കലക്ടർ ഒരു മണിക്കകം റിപ്പോർട്ട് സമർപ്പിക്കണം’; യു പ്രതിഭയ്ക്കെതിരായ അധിക്ഷേപത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ

തിരുവനന്തപുരം: കായംകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭയ്ക്ക് എതിരായ മുസ്ലീം ലീഗ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടു. വിഷയം പരിശോധിക്കാൻ ജില്ലാ കലക്ടർക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പരാതി നൽകി. അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നിർദേശം. വിഷയത്തിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്കകം റിപ്പോർട്ട് നൽകണമെന്നും മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ യു രത്തൽ ഖേൽക്കൽ നിർദേശിച്ചു. യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ യുഡിഎഫ് കൺവീനറും മുസ്ലിംലീഗ് നേതാവുമായ ഇർഷാദ് നടത്തിയ പരാമർശം സംബന്ധിച്ച വിഷയം കമ്മീഷൻ സ്വമേധയാ പരിശോധിച്ച് വരികയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മാധ്യമങ്ങളോട് പ്രതികരിച്ചു. പരാമർശം നടന്ന കൺവെൻഷനിലെ വിഡിയോ പരിശോധിക്കും. പുറത്തുവന്ന പരാമർശങ്ങൾക്ക് പുറമെ മറ്റ് പ്രതികരങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

അതിനിടെ, യു പ്രതിഭയ്ക്ക് എതിരായ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പരാതിയുൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് എൽഡിഎഫിന്റെ തീരുമാനം. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിലും ഇന്ന് പരാതി നൽകും. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി വരണാധികാരിക്കും കൈമാറും. പരാമർശത്തിൽ മഹിള അസോസിയേഷൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു. എ ഇർഷാദിനെതിരെയാണ് നടപടി ആവശ്യപ്പെട്ട് പികെ ശ്രീമതിയാണ് പരാതി നൽകിയിരിക്കുന്നത്. വീഡിയോ അടക്കം പങ്കുവെച്ചാണ് പരാതി നൽകിയത്. അതേസമയം, വിവാദ പരാമർശം നടത്തിയ ലീഗ് നേതാവ് എ ഇർഷാദിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് വിഷയത്തിൽ പ്രതിരോധം തീർക്കാനാണ് യുഡിഎഫ് നീക്കം. വിവാദങ്ങൾക്ക് പിന്നാലെ മുസ്ലിംലീഗിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും എ ഇർഷാദിനെ സസ്‌പെൻഡ് ചെയ്തിരുന്നു. യുഡിഎഫ് കായംകുളം കൺവീനർ സ്ഥാനത്തു നിന്ന് നീക്കുകയും ചെയ്തിരുന്നു.