തിരുവനന്തപുരം: മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതലിൽ കൃത്രിമം നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ഇടത് എംഎൽഎ ആന്റണി രാജുവും കൂട്ടുപ്രതിയും അപ്പീൽ നൽകും. വിധി പുറപ്പെടുവിച്ച നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി അപ്പീൽ നൽകാൻ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും ഉടൻ അപ്പീൽ സമർപ്പിക്കാനാണ് നീക്കം. കേസിലെ ഒന്നാം പ്രതിയും കോടതി ജീവനക്കാരനുമായ കെ എസ് ജോസ്, ആന്റണി രാജു എന്നിവർക്ക് കോടതി ജാമ്യം നൽകിയിട്ടുണ്ട്. അതേസമയം, കോടതി വിധിയുടെ പശ്ചാത്തലത്തിൽ എംഎൽഎ സ്ഥാനത്ത് തുടരാൻ ആന്റണി രാജുവിന് കഴിയില്ല.

മൂന്നുവർഷം തടവിന് ശിക്ഷിച്ചതോടെ ജനപ്രാതിനിത്യ നിയമപ്രകാരം ആന്റണി രാജുവിന്റെ നിയമസഭാ അംഗത്വം റദ്ദാകും. കോടതി ഉത്തരവ് പരിശോധിച്ച് നിയമസഭാ സെക്രട്ടറി അയോഗ്യനാക്കി ഉത്തരവ് ഇറക്കുന്നതോടുകൂടിയാണ് നിയമസഭ അംഗത്വം ഇല്ലാതാകുന്നത്. വിധി പകർപ്പ് ലഭിച്ച ശേഷമായിരിക്കും ഇതുസംബന്ധിച്ച് നിയമസഭ സെക്രട്ടറിയേറ്റിന്റെ നടപടി. ആന്റണി രാജുവിനും സർക്കാരിനും ഇത് സംബന്ധിച്ച് നിയമോപദേശം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച വിജ്ഞാപനം നിയമ സഭാ സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കും മുൻപ് രാജിവയ്ക്കാനാണ് ആന്റണി രാജുവിന്റെ നീക്കം എന്നും റിപ്പോർട്ടുകളുണ്ട്. നിയമസഭാ സ്പീക്കർക്ക് ഇന്ന് തന്നെ രാജിക്കത്ത് നൽകിയേക്കും. ഇന്ന് രാവിലെ സ്പീക്കറെ നേരിൽകണ്ട് രാജിക്കത്ത് കൈമാറുകയോ ഇമെയിൽ ആയി അയച്ചു നൽകുകയോ ചെയ്തേക്കും.

























