പത്തനംതിട്ട: കൂടലിൽ സ്‌കൂൾ വിദ്യാർഥിനിയുടെ വ്യാജ പരാതിയെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ച യുവാവ് നിയമനടപടിക്ക്. കൂടൽ പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകുമെന്ന് ഇരുപതുകാരൻ ട്വന്റിഫോറിനോട് പറഞ്ഞു. ഹൃദ്രോഗിയാണെന്ന് പറഞ്ഞിട്ടും ചൂരൽ ഉപയോഗിച്ച് കാൽപാദത്തിൽ അടിച്ചെന്ന് യുവാവ് പറഞ്ഞു. തെറ്റുകാരനല്ലെന്ന് പറഞ്ഞിട്ടും തന്റെ അനിയനെ പൊലീസ് കുറ്റക്കാരനാക്കാൻ ശ്രമിച്ചതായി ഇരുപതുകാരന്റെ സഹോദരൻ പറഞ്ഞു. തന്റെ കാൽവെള്ളയിൽ വടികൊണ്ട് അടിച്ചുവെന്ന് യുവാവ് പറഞ്ഞു.

കാലിന് മുകളിൽ ബൂട്ടിട്ട് ചവിട്ടി. ചെവിയിൽ പിടിച്ച് വലിച്ചു. മുടിയിൽ പിടിച്ചു വലിച്ചു. രാവിലെ എണീക്കാൻ പോലും പറ്റിയില്ല. പിടിച്ചുകൊണ്ടുപോകുമ്പോൾ എന്താണ് കേസെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു – യുവാവ് പറഞ്ഞു. ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിച്ചവരാണ് തങ്ങളെന്ന് യുവാവിന്റെ സഹോദരൻ പറഞ്ഞു.


സംഭവത്തിൽ, കൂടൽ പൊലീസ് സ്റ്റേഷനിലേക്ക് ഡിവൈഎഫ്‌ഐ പ്രവർത്തകർ ഇന്ന് പ്രതിഷേധിക്കും. കൊടുമൺ ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് 12 മണിക്ക് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും.
13 വയസുകാരിയാ പെൺകുട്ടിയെ 10 പേർ ചേർന്ന് പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നായിരുന്നു ലഭിച്ചിരുന്ന പരാതി. ചൈൽഡ് ലൈനിലും പൊലീസിലും പെൺകുട്ടി ഇക്കാര്യങ്ങൾ പറഞ്ഞതോടെ പൊലീസ് രണ്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. പിന്നീട് പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ മൊഴികളിൽ വൈരുധ്യമുണ്ടെന്ന് ബോധ്യപ്പെട്ടു. വൈദ്യ പരിശോധനയിൽ പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്നും വ്യക്തമായി. ഇതോടെ കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാകാത്തവരെ അടക്കം പൊലീസ് വിട്ടയച്ചു.























