കോട്ടയം: വൈക്കത്ത് സിപിഐ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ കർഷകനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചെല്ലപ്പൻ പുളിക്കശ്ശേരിയെയാണ് തലയാഴത്തെ ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സിപിഐക്കാർ തന്നെ ദാരുണമായി ഇല്ലാതാക്കാൻ ശ്രമിച്ചിരുന്നുവെന്ന് ആരോപിച്ച് ചെല്ലപ്പൻ കഴിഞ്ഞദിവസം സോഷ്യൽമീഡിയയിൽ വീഡിയോ പങ്കുവെച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഭരിക്കുന്ന ആഭ്യന്തര വകുപ്പിൽ നിന്നും തനിക്ക് നീതി ലഭിച്ചിട്ടില്ല. കുറഞ്ഞനിരക്കിൽ തൈ നൽകാമെന്ന് പറഞ്ഞ് ഭിന്നശേഷിക്കാരനായ താൻ കൃഷി വകുപ്പ് മന്ത്രി പി പ്രസാദിനെ സമീപിച്ചിരുന്നു.

എന്നാൽ പച്ചക്കൊടി കാട്ടിയിരുന്നില്ല തുടങ്ങിയ ആരോപണങ്ങളും വീഡിയോയിലൂടെ ഉയർത്തിയിരുന്നു. തൈകൾ വിൽപ്പന നടത്തിയിരുന്ന തന്റെ കൃഷി വ്യാപകമായി സിപിഐ പ്രാദേശിക നേതാക്കൾ നശിപ്പിച്ചു എന്നതായിരുന്നു ചെല്ലപ്പന്റെ ആരോപണം. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബിജെപിയും കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാരൻ ആയ വ്യക്തി എങ്ങനെ തൂങ്ങിമരിച്ചു എന്നതാണ് ഇവർ ഉന്നയിക്കുന്നത്. കൊലപാതകം ആണോ എന്ന സംശയവും ഇവർ ഉന്നയിക്കുന്നു. അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടുവരണമെന്നും ഇരുപാർട്ടിക്കാരും ആവശ്യപ്പെട്ടു. ബിജെപിയും കോൺഗ്രസും രാഷ്ട്രീയം കളിക്കുകയാണെന്നും സിപിഐ ആരോപിച്ചു.

























