കൊച്ചിയിൽ മെഡിക്കൽ വിദ്യാർഥിനി ഹോസ്റ്റലിന്റെ ഏഴാംനിലയിൽ നിന്ന് വീണ് മരിച്ചനിലയിൽ

കൊച്ചി: എറണാകുളത്ത് ചാലാക്ക ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് വിദ്യാർത്ഥിനി മരിച്ച നിലയിൽ. മെഡിക്കൽ കോളജിലെ രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥിനിയായ കണ്ണൂർ സ്വദേശിനി ഫാത്തിമത് ഷഹാന കെ ആണ് മരിച്ചത്. കാൽ തെന്നി താഴേക്ക് വീണതാകാം അല്ലെങ്കിൽ പിറകിലേക്ക് മറിഞ്ഞുവീണതാകാം എന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്നലെ രാത്രിയാണ് സംഭവം. ഏഴാംനിലയുടെ കോറിഡോറിന്റെ ഭാഗത്ത് നിന്നാണ് താഴേക്ക് വീണത്. സംഭവത്തിൽ ദുരൂഹതയില്ലെന്നും അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. സുഹൃത്തിനൊപ്പം നടക്കുമ്പോഴാണ് സംഭവം. ഒച്ചകേട്ട് സൃഹുത്ത് തിരിഞ്ഞുനോക്കുമ്പോഴാണ് ഫാത്തിമത് ഷഹാന അപകടത്തിൽപ്പെട്ടത് അറിയുന്നത്.