ബൈക്കപകടത്തിൽ പ്രതിശ്രുത വരൻ മരിച്ചു: മനംനൊന്ത് യുവതി ജീവനൊടുക്കി

കാസർകോട്: പ്രതിശ്രുതവരൻ ബൈക്ക് അപകടത്തിൽ മരിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ നിലയിൽ. കാസർകോട് കുമ്പള സ്വദേശി ജയാനന്ദന്റെ മകൾ പ്രഫുല്ലയാണ് ജീവനൊടുക്കിയത്. തമിഴ്‌നാട് സ്വദേശി മണിയുമായി പ്രഫുല്ലയുടെ വിവാഹം ഉറപ്പിച്ചിരുന്നു. ഇതിനിടെയാണ് ബൈക്കപകടത്തിൽ മണി മരിച്ചത്. വീട്ടിലെ ഹാളിൽ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു യുവതിയെ കണ്ടെത്തിയത്. നാലുമാസം മുൻപാണ് പ്രഫുല്ലയും മണിയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചത്. ഒരുമാസം മുൻപ് ബൈക്കപകടത്തിൽ മണിക്ക് പരിക്കേറ്റു.

ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മണി മരിച്ചത്. ഇതിൽ പ്രഫുല്ല കടുത്ത മനോവിഷമത്തിലായിരുന്നെന്ന് വീട്ടുകാർ പറയുന്നു. പ്രഫുല്ല ജീവനൊടുക്കിയ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വീട്ടുകാരെല്ലാം മറ്റൊരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു.

മൃതദേഹത്തിന് സമീപത്തുവച്ച് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. മണിയുടെ സംസ്‌കാരം നടന്ന സ്ഥലത്തുതന്നെയും സംസ്‌കരിക്കണമെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായെന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും പൊലീസ് അറിയിച്ചു. മൃതദേഹം തമിഴ്‌നാട്ടിലെത്തിച്ച് സംസ്‌കരിക്കുന്ന കാര്യത്തിൽ ഇരുവീട്ടുകാരും തീരുമാനത്തിലെത്തിയതായാണ് വിവരം.