നീലേശ്വരം വെടിക്കെട്ട് അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ഭഗവതി ക്ഷേത്രത്തിൽ കളിയാട്ടത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. 4 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായമായി നൽകുക.

ഷൊർണ്ണൂർ റെയിൽവേ പാലത്തിൽ ശുചീകരണ പ്രവർത്തനത്തിനിടെ ട്രെയിൻ തട്ടി മരണപ്പെട്ട തമിഴ്‌നാട് സേലം സ്വദേശികളുടെ ആശ്രിതർക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 3 ലക്ഷം രൂപ വീതം അനുവദിക്കാൻ മന്ത്രിസഭ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. കിണാവൂർ സ്വദേശി രതീഷ്, സന്ദീപ്, നീലേശ്വരം കൊല്ലം പാറ സ്വദേശി ബിജു(38), ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ് (19) എന്നിവരാണ് വെടിക്കെട്ട് അപകടത്തിൽ മരിച്ചത്. അപകടത്തിൽ 50 ശതമാനത്തിലേറെ ബിജുവിന് പൊള്ളലേറ്റിരുന്നു. സന്ദീപിന് 90 ശതമാനമാണ് പൊള്ളലേറ്റത്. വെടിക്കെട്ടപകടത്തിൽ നൂറിലേറെ പേർക്കാണ് പരുക്കേറ്റത്. പടക്കപുരയ്ക്ക് അടുത്ത് വച്ച് പടക്കത്തിന് തിരികൊളുത്തുകയും, കാണികൾക്ക് സമീപം പടക്കം അലക്ഷ്യമായി കൈകാര്യം ചെയ്യുകയുമായിരുന്നു.

കളിയാട്ടത്തിന്റെ ആദ്യദിനം രാത്രി 12 മണിക്കാണ് സംഭവം നടക്കുന്നത്. ചൈനീസ് പടക്കം പൊട്ടിക്കുന്നതിനിടെ കമ്പപ്പുരയ്ക്ക് മുകളിലേക്ക് തീപ്പൊരി വന്ന് പതിക്കുകയായിരുന്നു.