തൃശൂർ: കേരളത്തിൽ ആദ്യമായി എയർ ആംബുലൻസ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യു അച്ചാടൻ(57) അന്തരിച്ചു. പുലർച്ചെ സ്വവസിതിയിൽ വച്ചായിരുന്നു അന്ത്യം. പത്ത് വർഷം മുമ്പായിരുന്നു മാത്യു ആച്ചാടൻ ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയനായത്.

നിരന്തരമായ ശ്വാസതടസ്സത്തെ തുടർന്ന് ചികിത്സ തേടിയ മാത്യുവിന് ഹൃദയം മാറ്റിവയ്ക്കൽ മാത്രമാണ് പോംവഴിയെന്ന് ഡോക്ടർമാർ വിധിയെഴുതി. നിർധനരായ ഈ കുടുംബം അവയവദാന പദ്ധതിയായ പുനർജനിയിൽ പേർ റജിസ്ട്രർ ചെയ്തു. ഈ സമയത്താണ് തിരുവനന്തപുരം പാറശ്ശാല അഗ്രഹാരത്തിലെ അഡ്വ. എസ് നീലകണ്ഠശർമ്മ കുളിമുറിയിൽ വീണ് മസ്തിഷ്‌ക്കമരണം സംഭവിച്ചത്. അവയവദാനത്തിനായി പേർ രജിസ്ട്രർ ചെയ്തിരുന്ന മാത്യുവിന് നറുക്ക് വീണു. മണിക്കൂറുകൾക്കുള്ളിൽ ഹൃദയം എറണാകുളം ലിസി ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ വൻ വിജയമായതും മാത്യു ജീവിതത്തിലേക്ക് തിരികെ വന്നതും എയർ ആംബുലൻസ് ഉപയോഗിച്ചതുമൊക്കെ അന്ന് വലിയ വാർത്തയായിരുന്നു.


ശസ്ത്രക്രിയയ്ക്ക് ശേഷം പത്ത് വർഷക്കാലം മാത്യു പഴയപോലെ തന്നെ ജീവിച്ചു. വിശ്രമകാലത്തിന് ശേഷം ഉപജീനമാർഗമായ ഓട്ടോറിക്ഷ ഓടിച്ച് വരുമാനം കണ്ടെത്തി. ഒഴിവ് സമയങ്ങളിൽ ശസ്ത്രക്രിയക്ക് വിധേയമായവർക്ക് ആത്മധൈര്യം നല്കുന്നതിനായി സമയം ചിലവിച്ചിരുന്നു. സംസ്‌ക്കാരം പിന്നീട്. ഭാര്യ: ബിന്ദു. മക്കൾ: അമൽ(കാനഡ), അന്ന(ജർമനി).























