തൃശ്ശൂരില്‍ ഹോട്ടലില്‍നിന്ന് കുഴിമന്തി കഴിച്ചവര്‍ക്ക് വയറിളക്കവും ചര്‍ദിയും; 85 പേര്‍ ആശുപത്രിയില്‍

തൃശ്ശൂര്‍: പെരിഞ്ഞനത്ത് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്ക് ശാരീരികാസ്വസ്ഥത. വയറിളക്കവും ചര്‍ദിയും അനുഭവപ്പെട്ട 85-ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയാണെന്നാണ് പ്രാഥമികനിഗമനം.

പെരിഞ്ഞനം സെന്ററിന് വടക്കുഭാഗത്തുള്ള സെയിന്‍ ഹോട്ടലില്‍ നിന്നുള്ള ഭക്ഷണം കഴിച്ചവര്‍ക്കാണ് അസ്വസ്ഥതയുണ്ടായിരിക്കുന്നത്. പെരിങ്ങൂര്‍, കയ്പമംഗലം സ്വദേശികളാണ് ആശുപത്രിയിലുള്ളത്. സംഭവത്തെത്തുടര്‍ന്ന് ഹോട്ടല്‍ അടപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

കൂടുതലായും പാഴ്‌സലായി ഭക്ഷണം വാങ്ങിപ്പോയവര്‍ക്കാണ് പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നാണ് വിവരം. മയോണൈസിന്റേയോ മറ്റോ പ്രശ്‌നമാണോയെന്ന കാര്യം പരിശോധനയ്ക്ക് ശേഷമേ പറയാന്‍ സാധിക്കൂവെന്ന് ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും വ്യക്തമാക്കി.