പാപ്പിനിശ്ശേരിയിൽ നാല് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ, അന്വേഷണം

കണ്ണൂർ: പാപ്പിനിശ്ശേരി പറയ്ക്കലിൽ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശികളുടെ കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വളപട്ടണം പൊലീസ് അന്വേഷണം ആരംഭിച്ചു.

ദമ്പതികൾ താമസിക്കുന്ന വാടക ക്വാർട്ടേഴ്‌സിന് സമീപത്താണ് മൃതദേഹം കണ്ടത്. പാഴ് വസ്തുക്കൾ ശേഖരിക്കുന്ന ജോലിയാണ് അക്കലമ്മ-മുത്തു ദമ്പതികൾ ചെയ്തുവന്നിരുന്നത്. ഇവരുടെ നാലുമാസം പ്രായമുള്ള കുഞ്ഞ് യാസികയാണ് മരിച്ചത്. കുഞ്ഞിനെ കാണാതായതോടെ വീട്ടുകാർ ബഹളമുണ്ടാക്കി. തുടർന്ന് അന്വേഷണത്തിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തുന്നത്. കുട്ടി തങ്ങൾക്കൊപ്പമാണ് ഉറങ്ങിക്കിടന്നിരുന്നതെന്നാണ് മാതാപിതാക്കൾ പറയുന്നത്. മൂന്ന് കുട്ടികളും അച്ഛനും അമ്മയുമാണ് വീട്ടിൽ ഉണ്ടായിരുന്നതെന്ന് എസിപി ടി കെ രത്‌നകുമാർ പറഞ്ഞു.