തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ടോക്സിക്’. കെജിഎഫ് എന്ന മെഗാ ബ്ലോക് ബസ്റ്റർ ചിത്രത്തിന് പിന്നാലെ യാഷ് നായകനായി എത്തുന്ന ചിത്രം എന്നതാണ് ടോക്സിക്കിന്റെ പ്രത്യേകത. . ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടി ആയതോടെ മലയാളികൾക്കിടയിലും ടോക്സിക് വലിയ ചർച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ ടീസർ പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമർശനമാണ് ഗീതു മോഹൻദാസിനെതിരെ ഉയരുന്നത്.

യാഷിന്റെ പിറന്നാളിനോട് അനുബന്ധിച്ച് പുറത്തിറക്കിയ ടീസറിന് വിമർശനവും ട്രോളുകളുമാണ് ഉയരുന്നത്. റായ എന്നാണ് യാഷിന്റെ കഥാപാത്ര പേര്. ആക്ഷനും മാസിനും ഒപ്പം ‘അശ്ലീലത’യും കൂട്ടിച്ചേർത്താണ് ടീസർ പുറത്തിറക്കിയത്. പിന്നാലെ പ്രതികരണവുമായി സോഷ്യൽ മീഡിയ ഉപയോക്താക്കളും രംഗത്തെത്തി. കസബ സിനിമയുമായി ബന്ധപ്പെട്ട് ഗീതു മോഹൻദാസ് ഉൾപ്പടെയുള്ളവർ മുൻപ് പറഞ്ഞ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിലെ പല പോസ്റ്റുകളും. “അന്ന് കസബയ്ക്ക് എതിരെ പറഞ്ഞവരാണ് ഇപ്പോൾ, സ്ത്രീകളെ മോശമായി ചിത്രീകരിച്ചിരിക്കുന്നത്. ബോർഡർ കഴിഞ്ഞാൽ പ്രശ്നമില്ലെന്നാണോ”, എന്നൊക്കെ ചോദിക്കുന്ന തരത്തിലാണ് കമന്റുകൾ.

























