സ്വർണവില പവന് 86,000 രൂപ കടന്നു

തിരുവനന്തപുരം: സ്വർണവില വീണ്ടും കൂടി. ഒരു പവൻ സ്വർണവില കേരളത്തിൽ ചരിത്രത്തിലാദ്യമായി 86000 രൂപ കടന്നു. പവന് 1040 രൂപയാണ് ഇന്ന് ഉയർന്നിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 86,760 രൂപയായി. ഗ്രാമിന് 130 രൂപയാണ് ഇന്ന് വർധിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഗ്രാമിന് 10,845 രൂപ എന്ന നിരക്കിലാണ് സ്വർണ വ്യാപാരം നടക്കുന്നത്. രണ്ട് ദിവസം കൊണ്ട് മാത്രം ഒരു പവൻ സ്വർണത്തിന്റെ വിലയിലുണ്ടായത് 2080 രൂപയുടെ വർധനയാണ്. ആഗോള സാഹചര്യങ്ങളാണ് സ്വർണവില കുതിച്ചുയരാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

യുഎസ് ഡോളർ ദുർബലമാകുന്നത് ഉൾപ്പെടെ സ്വർണവില ഉയരാൻ കാരണമാകുന്നുണ്ട്. അതിനൊപ്പം നവരാത്രിയും മഹാനവമിയും ദീപാവലിയും ഉൾപ്പെടെയുള്ള വിശേഷ ദിവസങ്ങൾ വരാനിരിക്കുന്നതും ഡിമാന്റ് ഉയർത്തിയിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.