സുരേഷ് ഗോപി സമർപ്പിച്ച കിരീടം ചെമ്പിൽ സ്വർണം പൂശിയതെന്ന് ആരോപണം; എത്ര പവനുണ്ടെന്ന് അറിയണമെന്ന് കോൺഗ്രസ്

തൃശൂര്‍: നടനും തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുമായ സുരേഷ് ഗോപി ലൂർദ് പള്ളിയിൽ സമർപ്പിച്ച കിരീടം ചെമ്പിൽ സ്വർണം പൂശി നല്‍കിയെന്ന് ആരോപണം. ഇതോടെ കിരീടം എത്ര സ്വർണമുണ്ടെന്ന് അറിയണമെന്ന ആവശ്യവുമായി തൃശൂർ കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർ രംഗത്തെത്തി. ലൂർദ് ഇടവകാ പ്രതിനിധി യോഗത്തിലാണ് കോൺഗ്രസ് കൗൺസിലർ ലീല വർഗീസ് ഈ ആവശ്യം ഉന്നയിച്ചത്.

‘‘ലൂർദ് മാതാവിനു എത്രയോ പവന്റെ സ്വർണക്കിരീടം കിട്ടിയതായി അറിഞ്ഞു. ചെമ്പിൽ സ്വർണം പൂശിയതായാണ് ഇടവകയിൽ വരുന്ന പൊതുജനങ്ങൾ പറഞ്ഞറിയാൻ കഴിഞ്ഞത്. ഈ സാഹചര്യത്തിൽ കിരീടം എത്ര പവനാണെന്നറിയാൻ പൊതുജനങ്ങൾക്കു താൽപര്യമുണ്ടെന്ന് അച്ചനെ അറിയിച്ചിട്ടുണ്ട്.’’– ലീല വർഗീസ് പറഞ്ഞു.