ശ്വേത മേനോനെതിരായ കേസ്: തുടർ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: അശ്ലീല സിനിമകളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്നും ഇതിന്റെ രംഗങ്ങൾ പ്രചരിപ്പിച്ചുവെന്നും ആരോപിച്ച് നടി ശ്വേത മേനോനെതിരെ റജിസ്റ്റർ ചെയ്ത കേസിലെ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് റജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയ എറണാകുളം സിജെഎം കോടതിയിൽനിന്നു നടപടികൾ സംബന്ധിച്ച് ജസ്റ്റിസ് വി.ജി.അരുൺ റിപ്പോർട്ട് തേടി. സർക്കാരിനു നോട്ടിസയ്ക്കാനും കോടതി നിർദേശിച്ചു. കേസിന്റെ അന്വേഷണ നടപടികൾ സ്റ്റേ ചെയ്യണമെന്നും എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ശ്വേത മേനോൻ നൽകിയ പരിഗണിച്ചാണു കോടതി നിർദേശം.

പരാതി ലഭിച്ചാൽ ബിഎൻഎസ്എസ് പ്രകാരം ആദ്യം അന്വേഷണ ഉദ്യോഗസ്ഥനിൽനിന്ന് റിപ്പോർട്ട് തേടേണ്ടതുണ്ട്. എന്നാൽ ഇതടക്കമുള്ള നടപടിക്രമങ്ങൾ പാലിക്കാതെയാണ് സിജെഎം കോടതിയുടെ നടപടി എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് കേസിന്റെ തുടർ നടപടികൾ സ്റ്റേ ചെയ്തത്. സിജെഎം കോടതിയുടെ ഉത്തരവിനു പിന്നാലെ എറണാകുളം സെൻട്രൽ പൊലീസ് ഐടി നിയമത്തിലെ 67 (എ), അനാശാസ്യപ്രവർത്തന നിരോധന നിയമത്തിലെ 5,3 വകുപ്പുകൾ പ്രകാരം എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു. കേസ് സംബന്ധിച്ച് മജിസ്ട്രേറ്റ് കോടതിയിൽ പോലും രേഖകൾ ഒന്നുമില്ലെന്നും ‘റഫേഡ്’ എന്നുമാത്രമേ പറയുന്നുള്ളൂ എന്നും ശ്വേതയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

അമ്മ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനാലാണു തനിക്കെതിരെയുള്ള കേസ് എന്ന് ശ്വേതാ മേനോൻ ഹർജിയിൽ വ്യക്തമാക്കിയിരുന്നു. അമ്മയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റാകാൻ സാധ്യതയുണ്ടായിരുന്ന തന്നെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണു പരാതി.