എല്ലാ സ്ത്രീകൾക്കും വേണ്ടി ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു; ഹണി റോസ്

തന്നെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന തുറന്നുപറച്ചിലിന് പിന്നാലെ ഉയർന്ന സൈബർ ആക്രമണത്തിനെതിരെ തന്റെ നിലപാട് കടുപ്പിച്ച് നടി ഹണി റോസ്. കഴിഞ്ഞദിവസം തനിക്കെതിരെ നിരന്തരം ദ്വയാർഥ പ്രയോഗം നടത്തുന്നയാൾക്കെതിരെ വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് ഹണി റോസ് പുതിയ പോസ്റ്റ് പങ്കുവെച്ചത്. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് താൻ സൈബർ ആക്രമണം നടത്തുന്നവർക്കെതിരെ യുദ്ധം നടത്തുകയാണെന്ന് ഹണി കുറിച്ചത്.

ഹണിറോസിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്

ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് ഞാൻ പൊതുവേദിയിൽ എത്തിയിട്ടില്ല. നിങ്ങൾ ഓരോരുത്തരും അവരവരുടെ ചിന്തകൾ അനുസരിച്ച് സ്വയം നിയമസംഹിതകൾ സൃഷ്ടിക്കുന്നതിൽ ഞാൻ ഉത്തരവാദി അല്ല.

ഒരു അഭിനേത്രി എന്ന നിലയിൽ എന്നെ വിളിക്കുന്ന ചടങ്ങുകൾക്ക് പോകുന്നത് എന്റെ ജോലിയുടെ ഭാഗമാണ്.

എന്റെ വസ്ത്രധാരണത്തെക്കുറിച്ചോ എന്നെക്കുറിച്ചോ ക്രിയാത്മകമായതോ സർഗാത്മകമായതോ വിമർശിക്കുന്നതിലും തമാശ ഉണ്ടാക്കുന്നതിലും എനിക്ക് വിരോധം ഇല്ല, പരാതി ഇല്ല. പക്ഷേ അത്തരം പരാമർശങ്ങൾക്ക്, ആംഗ്യങ്ങൾക്ക് ഒരു റീസണബിൾ റസ്ട്രിക്ഷൻ വരണം എന്ന് ഞാൻ വിശ്വസിക്കുന്നു. ആയതിനാൽ എന്റെ നേരേ ഉള്ള വിമർശനങ്ങളിൽ അസഭ്യഅശ്ലീലപരാമർശങ്ങൾ ഉണ്ടെങ്കിൽ ഭാരതീയ ന്യായസംഹിത അനുസരിച്ച് സ്ത്രീക്ക് തരുന്ന എല്ലാ സംരക്ഷണസാധ്യതകളും പഠിച്ച് ഞാൻ നിങ്ങളുടെ നേരെ വരും.

ഒരിക്കൽ കൂടി പറയുന്നു സമൂഹമാധ്യമങ്ങളിലെ അസഭ്യഅശ്ലീലഭാഷപണ്ഡിതമാന്യന്മാരെ, നിങ്ങളോട് ഇതേ അവസ്ഥയിൽ കടന്നുപോകുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി ഹണിറോസ് എന്ന ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു.

സാമൂഹികമാധ്യമത്തിൽ അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിൽ ഒരാളെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നടിയുടെ പരാതിയിൽ മുപ്പതോളം പേർക്കെതിരേ പോലീസ് കേസെടുത്തിരുന്നു. കുമ്പളം സ്വദേശി ഷാജിയാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.

ദ്വയാർഥ പ്രയോഗം നടത്തി പിന്നാലെ നടന്ന് അപമാനിക്കുന്ന വ്യക്തിക്കെതിരേ ഹണി റോസ് നടത്തിയ പരസ്യ പ്രതികരണത്തിന് താഴെയാണ് അധിക്ഷേപ കമന്റുകൾ വന്നത്. സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ അശ്ലീല കമന്റുകളുമായി എത്തിയ 30- ഓളം പേർക്കെതിരേ ഞായറാഴ്ച്ച രാത്രിയോടെയാണ് എറണാകുളം സെൻട്രൽ പൊലീസിൽ ഹണി റോസ് പരാതി നൽകിയത്.

സ്ത്രീത്വത്തെ അപമാനിക്കുകയും സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ചെയ്യുന്ന പ്രമുഖ വ്യക്തിക്കെതിരേ കഴിഞ്ഞ ദിവസമാണ് രൂക്ഷപ്രതികരണവുമായി നടി രംഗത്ത് വന്നത്. മാനസിക വൈകൃതമുള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടേയും സഹതാപത്തോടേയും അവഗണിക്കാറാണ് പതിവ്. എന്നാൽ, ഇനി ഈ വിഷയത്തിൽ നിയമപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഹണി റോസ് വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് നടി ഇക്കാര്യം അറിയിച്ചത്.

ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോൾ ദ്വയാർഥ പ്രയോഗം കൊണ്ട് അപമാനം നേരിട്ടതിനാൽ പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ലെന്ന് തീരുമാനിച്ചിരുന്നു. ഇതോടെ പ്രതികാരമെന്നോണം സോഷ്യൽ മീഡിയയിൽ തന്റെ പേര് മനഃപൂർവം വലിച്ചിഴച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്റുകൾ പരയുകയാണ് ആ വ്യക്തി ചെയ്യുന്നതെന്നും ഹണി റോസ് കുറിപ്പിൽ പറയുന്നു.

ദ്വയാർഥ പ്രയോഗത്തിലൂടെ അപമാനിക്കാൻ ശ്രമിക്കുമ്പോഴും പ്രതികരിക്കാത്തത് അത്തരം സ്റ്റേറ്റ്‌മെന്റ് ആസ്വദിക്കുന്നതുകൊണ്ടാണോ അതോ പറയുന്നതെല്ലാം അംഗീകരിക്കുന്നത് കൊണ്ടാണെന്നോ എന്ന് അടുപ്പമുള്ളവർ ചോദിക്കുന്നു. അതിനുള്ള മറുപടി കൂടിയാണ് ഈ കുറിപ്പെന്നും ഹണി റോസ് പറയുന്നു.

പണത്തിന്റെ ധാർഷ്ട്യത്തിൽ ഏത് സ്ത്രീയേയും ഒരാൾക്ക് അപമാനിക്കാൻ കഴിയുമോ? അതിനെ എതിർക്കാൻ ഇന്ത്യയിലെ നിയമസംവിധാനം ഒരു സംരക്ഷണവും നൽകുന്നില്ലേയെന്ന് ചോദിച്ചാൽ ഇയാളുടെ പ്രവർത്തികളിൽ ഇന്ത്യൻ ശിക്ഷാനിയമത്തിൽ സ്ത്രീകൾക്കെതിരേ ലൈംഗികദ്യോതകമായ ഉദ്ദേശത്തോടെ സംസാരിക്കുകയും അതേ ഉദ്ദേശത്തോടെ പിന്തുടരുകയും ചെയ്യുന്നു എന്ന കുറ്റകൃത്യങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണ് എന്നാണ് അറിയാൻ കഴിഞ്ഞതെന്നും നടി കുറിച്ചു.