വയനാട്: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കുള്ള മുസ്ലിംലീഗിന്റെ വീടുകൾ ഇന്ന് കൈമാറും. തൃക്കൈപ്പറ്റയിൽ ആദ്യഘട്ടത്തിൽ 51 വീടുകളാണ് വയനാട് എംപി പ്രിയങ്ക ഗാന്ധി മുഖ്യാതിഥി ആകുന്ന ചടങ്ങിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കൈമാറുന്നത്. മേപ്പാടിയിലെ തൃക്കൈപ്പറ്റയിൽ പതിനൊന്നര ഏക്കർ ആണ് മുസ്ലിംലീഗ്, ഭവന പദ്ധതിക്ക് ഏറ്റെടുത്തത്. പദ്ധതിപ്രകാരം 105 വീടുകളാണ് ലീഗ് ഒരുക്കുന്നത്. 8 സെന്റിൽ 1060 സ്‌ക്വയർ ഫീറ്റിൽ ഒരുക്കിയ 51 വീടുകളാണ് ആദ്യഘട്ടത്തിൽ കൈമാറുന്നത്. സർക്കാർ ടൗൺഷിപ്പിലെ വീടുകൾ വേണ്ടെന്നുവച്ച് 15 ലക്ഷം രൂപ കൈപ്പറ്റിയ 87 ഗുണഭോക്താക്കളിൽ നിന്ന്, നറുക്കെടുപ്പിലൂടെയാണ് 51 ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്.

ചടങ്ങിന് മുന്നോടിയായി വീടുകളിലേക്കുള്ള ശുദ്ധജലവും വൈദ്യുതിയും ഉറപ്പാക്കിയിട്ടുണ്ട്. ബാക്കി വീടുകളുടെ നിർമാണം ഉടൻ പൂർത്തിയാക്കി മെയ് 31നകം കൈമാറാൻ ആകും എന്നാണ് വിലയിരുത്തൽ. നാളെ നാലുമണിക്ക് പ്രിയങ്ക ഗാന്ധി മുഖ്യാതിഥിയാകുന്ന ചടങ്ങിൽ, യുഡിഎഫ് നേതാക്കളുടെ സാന്നിധ്യത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് വീടുകളുടെ താക്കോലുകൾ കൈമാറുന്നത്.

























