ന്യൂഡൽഹി: ഇന്ത്യയിലെ പുതിയ അതിവേഗ റെയിൽ ഇടനാഴികൾ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. പ്രധാനമായും ടയർ-2, ടയർ-3 നഗരങ്ങളെ പ്രധാന നഗര കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കാനും റെയിൽവേയെ റോഡ്, ഹ്രസ്വദൂര വിമാന യാത്രകൾക്ക് ബദലാക്കാനും ലക്ഷ്യമിട്ടാണ് പ്രഖ്യാപനം. അതേ സമയം പദ്ധതിയിൽ കേരളം ഇടംനേടിയില്ല.

പൂനെ- മുംബൈ, പൂനെ- ഹൈദരാബാദ്, ഹൈദരാബാദ്- ബംഗലൂരു, ബംഗലൂരു- ചെന്നൈ, ഹൈദരാബാദ് ചെന്നൈ, ഡൽഹി- വാരാണസി, വാരാണസി- സിലിഗുരി എന്നിവയാണ് കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ഏഴു റെയിൽ ഇടനാഴികൾ. പടിഞ്ഞാറ്, തെക്ക്, വടക്ക്, കിഴക്കൻ മേഖലകളെ ബന്ധിപ്പിക്കുന്നതാണ് പദ്ധതിയെന്ന് ധനമന്ത്രി പറഞ്ഞു. ടയർ -2, ടയർ -3 നഗരങ്ങളെ പ്രധാന നഗര കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതിനും റോഡ്, ഹ്രസ്വ ദൂര വിമാനയാത്രകൾക്ക് ബദലായി വൃത്തിയുള്ളതും വേഗതയേറിയതുമായ റെയിൽവേ യാത്ര ലക്ഷ്യമിട്ടുള്ളതാണ് അതിവേഗ റെയിൽ ഇടനാഴി. കേരളത്തിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാടിന് ബംഗലൂരു, ഹൈദരാബാദ് എന്നിവയെ ബന്ധപ്പെടുത്തി രണ്ടു പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.


കേന്ദ്രം ചുമതലപ്പെടുത്തിയതായി വ്യക്തമാക്കി മെട്രോ മാൻ ഇ ശ്രീധരൻ അതിവേഗ റെയിൽ പദ്ധതി പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരത്തു നിന്നും കോഴിക്കോടു വരെ രണ്ടര മണിക്കൂർ കൊണ്ട് എത്താവുന്ന പദ്ധതിയാണ് ശ്രീധരൻ പ്രഖ്യാപിച്ചത്. കേന്ദ്ര റെയിൽവേ മന്ത്രിയെ കണ്ട ശ്രീധരൻ, പദ്ധതി തുടങ്ങുന്നതിന്റെ ഭാഗമായി ഓഫീസും ആരംഭിച്ചിരുന്നു.
ഈ പദ്ധതിക്ക് ബദലായി സംസ്ഥാന സർക്കാർ അതിവേഗ റെയിൽ പദ്ധതിയായി ആർആർടിഎസും പ്രഖ്യാപിച്ചു. ഈ പദ്ധതി മണ്ടൻ പദ്ധതിയാണെന്ന് വിമർശിച്ച് ഇ ശ്രീധരൻ രംഗത്തു വരികയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ കൊഴുക്കുന്നതിനിടെ, അതിവേഗ റെയിൽ പദ്ധതി സംബന്ധിച്ച് കേന്ദ്ര ബജറ്റിൽ പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയ്ക്കിടെയാണ് കേരളത്തെ അവഗണിച്ചിരിക്കുന്നത്.























