ശ്രീനഗർ: ഇന്ത്യ–പാക്ക് വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിന്നാലെ ജമ്മു നഗരത്തില്‍ കടകള്‍ തുറന്നുതുടങ്ങി. എന്നാൽ, ഭൂരിഭാഗം കടകളും അടഞ്ഞു കിടക്കുകയാണ്. വെടിനിർത്തൽ പ്രഖ്യാപനത്തെ തുടർന്നാണ് ചില വ്യാപാര സ്ഥാപനങ്ങള്‍ പ്രവർത്തനം ആരംഭിച്ചത്. ഭീതി കാരണം പലരും വീടിനു പുറത്തിറങ്ങുന്നില്ല.

‘‘ഇവിടെ സാധനങ്ങൾ വാങ്ങാൻ ആളില്ല, ജോലിയില്ല. ഒരാഴ്ചയായി ജോലി ഇല്ലാതിയിട്ട്. വരും ദിവസങ്ങളിൽ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു’’– നാട്ടുകാരനായ തർസെം ലാൽ ഗുപ്ത വാർത്താ ഏജൻസിയോട് പറഞ്ഞു. പുറത്തുനിന്നുള്ള ജീവനക്കാർ എത്താത്തതിനാലാണ് കടകൾ അടഞ്ഞു കിടക്കുന്നതെന്ന് തർസെം ലാൽ ഗുപ്ത പറയുന്നു. ‘‘ജീവനക്കാർ പ്രദേശവാസികളല്ല. പേടി കാരണം അവർ കടകളിലേക്ക് വരുന്നില്ല. ഉടമസ്ഥന് ഒറ്റയ്ക്ക് കട തുറക്കാനാകില്ല. ഇതിനാലാണ് ചില കടകൾ അടഞ്ഞു കിടക്കുന്നത്. സാഹചര്യങ്ങൾ അനുകൂലമായാൽ പത്ത് ദിവസത്തിനകം കാര്യങ്ങൾ സാധാരണ നിലയിലാകും. നാളത്തെ യോഗത്തെ അനുസരിച്ചാകും തീരുമാനം.’’– തർസെം പറയുന്നു.


‘‘കച്ചവടക്കാർക്ക് ഞായറാഴ്ച അധിക വരുമാനം ലഭിക്കുന്ന ദിവസമായിരുന്നു. ഇപ്പോൾ ജമ്മുവിലെ സ്ഥിതി മാറി. പലർക്കും വീട്ടുവാടക കൊടുക്കാനാകുന്നില്ല. വീട്ടു ചെലവുകളും നടക്കുന്നില്ല’’– മറ്റൊരു നാട്ടുകാരൻ പറയുന്നു. ജീവിതം പ്രതിസന്ധിയിലാണെന്ന് ഓട്ടോറിക്ഷ ഡ്രൈവറായ സണ്ണി ഗനോത്ര പറഞ്ഞു.























