‘ജനനായകന്‍’ റിലീസ് പ്രതിസന്ധിയില്‍?; വിധി വെള്ളിയാഴ്ച

ചെന്നൈ: വിജയ് ചിത്രമായ ‘ജനനായകന്’ സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നതിനെതിരേ നിർമാതാക്കൾ സമർപ്പിച്ച ഹർജി വിധി പറയാൻ മാറ്റി. മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് പി.ടി. ആശയുടെ ബെഞ്ച് വെള്ളിയാഴ്ച രാവിലെ വിധി പറഞ്ഞേക്കും. വെള്ളിയാഴ്ചയാണ് ചിത്രം പുറത്തിറങ്ങേണ്ടിയിരുന്നത്. അതേസമയം, ഇത്തരം പരാതികൾ നല്ലതല്ലെന്ന്‌ ജസ്റ്റിസ് ആശ വാദത്തിനിടെ സെൻസർ ബോർഡിനോട് പറഞ്ഞു.

ബുധനാഴ്ച ഉച്ചയ്ക്ക് കോടതി കേസ് പരിഗണിച്ചപ്പോൾ, ചിത്രത്തിനെതിരായി ലഭിച്ച ഇ- മെയിൽ പരാതിയുടെ പകർപ്പ് സെൻസർ ബോർഡിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ കോടതിയിൽ സമർപ്പിച്ചു. ചിത്രം സ്‌ക്രീനിങ് കമ്മിറ്റിക്ക് വിടുന്ന കാര്യം എന്തുകൊണ്ട് നിർമാതാക്കളെ അറിയിച്ചില്ലെന്ന് കോടതി ചോദിച്ചു. വിവരം നിർമാതാക്കളേയും പ്രാദേശിക സെൻസർ ബോർഡ് ഓഫീസിലും അറിയിച്ചിരുന്നതായി അഡീഷണൽ സോളിസിറ്റർ ജനറൽ അറിയിച്ചു.

‘ഡിസംബർ 18-ന് ചിത്രം സെൻസർ സർട്ടിഫിക്കറ്റിനായി സമർപ്പിച്ചു. 2026-ൽ സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചുവെന്നും അതിനാൽ ഉടൻ തീർപ്പാക്കണമെന്നും ആവശ്യപ്പെടാൻ അവർക്ക് കഴിയില്ല’, എഎസ്ജി വാദിച്ചു. ചിത്രത്തിന്റെ റിലീസ് വൈകുന്നതിൽ അധികാരികൾക്ക് ദുരുദ്ദേശമൊന്നുമില്ലെന്നും സെൻസർ ബോർഡ് വാദത്തിനിടെ അറിയിച്ചു.

സെൻസർ ബോർഡ് അംഗത്തിന് തന്നെ എങ്ങനെയാണ് പരാതിക്കാരനാകാൻ കഴിയുകയെന്ന് നിർമാതാക്കൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സതീഷ് പരാശരൻ ചോദിച്ചു. നിർദേശിച്ച മാറ്റങ്ങൾ വരുത്തിയില്ലെന്ന് ബോർഡിന് വാദമില്ല. പുതിയ പരാതി ലഭിച്ചുവെന്ന് മാത്രമാണ് വാദമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.