സോഷ്യൽ മീഡിയയിൽ നടി കാജൽ അഗർവാൾ വാഹനാപകടത്തിൽ മരിച്ചെന്ന രീതിയിൽ വ്യാജ പ്രചരണം. തന്റെ മരണ വാർത്ത നിഷേധിച്ചു കൊണ്ട് കാജലിന് തന്നെ രംഗത്തെത്തേണ്ടി വന്നിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് തന്റെ മരണ വാർത്തകളെ കാജൽ തള്ളിക്കളയുന്നത്. താൻ പരിപൂർണ ആരോഗ്യത്തോടു കൂടി തന്നെ ജീവിച്ചിരിപ്പുണ്ടെന്ന് കാജൽ കുറിപ്പിൽ പറയുന്നുണ്ട്. വ്യാജ വാർത്തകൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും കാജൽ ആരാധകരോടായി പറയുന്നു. ” എനിക്കൊരു വാഹനാപകടമുണ്ടായെന്നും ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്നുമുള്ള യാതൊരു അടിസ്ഥാനവുമില്ലാത്ത വാർത്തകൾ കണ്ടു.

വളരെ രസകരമായി തോന്നുന്നു. കാരണം തീർത്തും അസത്യമാണ്. ദൈവാനുഗ്രഹത്താൽ, ഞാൻ പരിപൂർണ സൗഖ്യത്തോടെയും സുരക്ഷിതയായും ജീവിച്ചിരിക്കുന്നുവെന്ന് അറിയിക്കുന്നു. ഇത്തരം വ്യാജ വാർത്തകൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് അപേക്ഷിക്കുന്നു. സത്യത്തിലും പോസിറ്റിവിറ്റിയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ അഭ്യർത്ഥിക്കുന്നു” എന്നാണ് കാജൽ അഗർവാൾ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. അപകടത്തിൽ മരിച്ച കാജലിന്റെ മൃതദേഹം സംഭവസ്ഥലത്തു നിന്നും കൊണ്ടു പോകുന്നുവെന്ന പേരിൽ ഒരു ചിത്രം പ്രചരിപ്പിക്കപ്പെട്ടതോടെയാണ് സംഭവം വലിയ ചർച്ചയായി മാറിയത്. ചിത്രത്തിലുള്ള യുവതിയുടെ മുഖം വ്യക്തമായിരുന്നില്ല. ഇതും ആരാധകരുടെ ആശങ്ക വളർത്തി. വാർത്തകളോട് കാജലിന്റെ ടീം ഔദ്യോഗികമായി പ്രതികരിക്കാതിരുന്നതും ആശങ്കകൾക്ക് ഇടവരുത്തി. എന്തായാലും ഒടുവിൽ കാജൽ നേരിട്ടു തന്നെ എത്തി വാർത്ത നിഷേധിച്ചിരിക്കുകയാണ്.

























