തിരുവനന്തപുരം: ശബരിമല സ്വർണക്കവച്ച കേസിൽ കോടതി റിമാൻഡ് ചെയ്ത തന്ത്രി കണ്ഠര് രാജീവരർക്ക് ജയിലിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അദ്ദേഹത്തെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് തന്ത്രിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുമെന്ന് അറിയിച്ചു. ജനറൽ ആശുപത്രിയിൽ ഇസിജി ഉൾപ്പെടെ പരിശോധനകൾ നടത്തിയതിനു ശേഷമാണ് ഡോക്ടർമാർ ശുപാർശ നൽകിയത്. ഈ മാസം 23 വരെ കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്ത തന്ത്രിയെ തിരുവനന്തപുരം സ്പെഷൽ സബ് ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.

കേസിൽ ഗുരുതര ആരോപണങ്ങളാണ് തന്ത്രിക്കെതിരെ എസ്ഐടി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. അതിനിടെ ബിജെപി നേതാക്കൾ തന്ത്രിയുടെ വീട്ടിലെത്തി. സൗഹൃദ സന്ദർശനമാണെന്ന് ബിജെപി നേതാവ് സന്ദീപ വചസ്പതി പറഞ്ഞു. എന്തുകൊണ്ടാണ് തിടുക്കപ്പെട്ട് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന ചോദ്യം ഉയരുന്നുണ്ടെന്നും സന്ദീപ് വചസ്പതി പറഞ്ഞു. എന്തുകൊണ്ടാണ് ദേവസ്വം ബോർഡ് അംഗം ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തത്. മന്ത്രിയെ എന്തുകൊണ്ടാണ് ഒഴിവാക്കിയത്. എല്ലാ കുറ്റങ്ങളും തന്ത്രിയിൽ ചുമത്തി മന്ത്രിയെ രക്ഷിക്കാനുള്ള ശ്രമമാണോ എന്ന സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

























