‘ബോഡി ഷെയ്മിങ് നടത്തുന്നത് പതിവ്; പെൺകുട്ടികളെ തല്ലാൻ ആൺകുട്ടികൾക്ക് നിർദേശം നൽകും’; ഡോ. റാമിനെതിരെ കുടുതൽ വിദ്യാർഥികൾ

കണ്ണൂർ: നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ കണ്ണൂർ അഞ്ചരക്കണ്ടി ഗവ. ദന്തൽ കോളജിലെ ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. എം കെ റാമിനെതിരെ കുടുതൽ വിദ്യാർഥികൾ രം​ഗത്ത്. ഡോ. റാം മുൻപും വിദ്യാർഥികളെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നാണ് ആക്ഷേപം. നിതിന്റെ സഹപാഠികൾ ആണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. വിദ്യാർഥികളെ തലയിലടിക്കുകയും ചെവി കിഴുക്കുകയും ആൺകുട്ടികളെ വിട്ട് പെൺകുട്ടികളെ അടിപ്പിക്കുകയും ചെയ്യാറുണ്ട്. മാനസികവും ശാരീരികവുമായ പീഡനങ്ങൾ ഡോ. റാമിൽ നിന്ന് നേരിട്ടതായി പല വിദ്യാർഥികളും പരാതി പറഞ്ഞിട്ടുണ്ടെന്ന് അഞ്ചരക്കണ്ടി ഗവ. ദന്തൽ കോളജിലെ അവസാന വർഷ വിദ്യാർഥിനി നയന മാധ്യമങ്ങളോട് പ്രതികരിച്ചു. കോളജിലെ വിദ്യാർഥികൾ എല്ലാം ഒരു ട്രോമയിലൂടെയാണ് കടന്നുപോകുന്നത്. നിതിന്റെ മരണത്തിന് ശേഷമാണ് പലരും അത് തിരിച്ചറിയുന്നതെന്നും വിദ്യാർഥി പറയുന്നു.

നിതിൻ രാജ് പഠിച്ചിരുന്നത് മറ്റൊരു ക്ലാസിലാണ്. നിതിനെ അധിക്ഷേപിക്കുന്നത് കേട്ടിട്ടില്ല. എന്നാൽ നിതിന്റെ കുടുംബം പറയുന്നതുപോലെ സംഭവിക്കാനാണ് സാധ്യതയെന്നും വിദ്യാർഥി പറയുന്നു. ഡോ. റാമിനെതിരെ നിരവധി സമാന പരാതികൾ മുമ്പും കോളജ് അധികൃതർക്ക് ലഭിച്ചിരുന്നു. പേടിച്ചിട്ടാണ് പല കുട്ടികളും ഇത്തരം ദുരനുഭവങ്ങൾ പുറത്തു പറയാതിരിക്കുന്നതെന്നും വിദ്യാർഥികൾ മാധ്യമങ്ങളോട് പറഞ്ഞു. ബോഡി ഷെയ്മിങ്ങ് ഉൾപ്പെടെ അധിക്ഷേപങ്ങൾ പതിവാണ്. രക്ഷിതാക്കളോട് പോലും വിദ്യാർഥികളെക്കുറിച്ച് മോശമായി സംസാരിച്ചിട്ടുണ്ട്. വകുപ്പ് മേധാവിക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ വൈവയിൽ തോൽപ്പിക്കുമെന്ന് ഡോ. റാം ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും വിദ്യാർഥികൾ പറയുന്നു. അധ്യാപകന്റെ മാനസിക പീഡനം സഹിക്കവയ്യാതെ കോളജിലെ ഒട്ടുമിക്ക വിദ്യാർഥികളും വലിയ മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും വിദ്യാർഥികൾ പ്രതികരിച്ചു.

നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയാണ് കോളജിലെ അനാട്ടമി വിഭാഗം മേധാവി ഡോ. എംകെ റാം. അസോ. പ്രൊഫസർ ഡോ. സംഗീതയെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. എസ് സി എസ് ടി അതിക്രമ നിരോധന വകുപ്പും ഇവർക്കെതിരെ എടുത്തിട്ടുണ്ട്.