കണ്ണൂരിൽ അമ്മയെ കൊലപ്പെടുത്തി മകൻ ; അച്ഛനെയും കൊല്ലണമെന്ന് പറഞ്ഞു

കണ്ണൂർ: പേരാവൂരിൽ അമ്മയെ മകൻ കൊലപ്പെടുത്തിയ സംഭവത്തിൽ അച്ഛനെയും കൊല്ലണമെന്ന് പ്രതി ക്രിസ്റ്റി പറഞ്ഞെന്ന് അയൽവാസി നിപുൻ. അമ്മയെ കൊലപ്പെടുത്തിയ ശേഷം പൊലീസ് സ്റ്റേഷനിൽ കൊണ്ടുവിടുമോ എന്ന് ക്രിസ്റ്റി ചോദിച്ചു. അങ്ങനെയാണ് ക്രിസ്റ്റിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്നും നിപുൻ പറഞ്ഞു. തന്നെ ഇങ്ങനെ ആക്കിയത് വീട്ടുകാർ ആണെന്ന് ക്രിസ്റ്റി പറഞ്ഞെന്നും അയൽവാസി പറയുന്നു. അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

പേരാവൂർ കൊളക്കാട് സ്വദേശി ക്രിസ്റ്റി(25)യാണ് അമ്മ താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (50)യെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സ്റ്റേഷനിലെത്തി കീഴടങ്ങിയത്. മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീതമ്മ. ഗീതമ്മയും ക്രിസ്റ്റിയും തമ്മിൽ വാക്കുതർക്കമുണ്ടായതിനെ തുടർന്നായിരുന്നു കൊലാപതകം. ബെംഗളൂരുവിൽ ബിസിഎ വിദ്യാർഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ നിർത്തി നാട്ടിലെത്തിയതാണ്. ഇയാൾ ലഹരിക്ക് അടിമയായിരുന്നു എന്ന് പറയപ്പെടുന്നു. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. കൊലപാതകം നടക്കുന്ന സമയത്ത് തങ്കച്ചൻ വീട്ടിലുണ്ടായിരുന്നില്ല. കേളകത്ത് മൊണാലിസ എന്ന പേരിൽ ബ്യൂട്ടിപാർലർ നടത്തുകയായിരുന്നു ഗീതമ്മ.