മലയാള സിനിമയുടെ അമ്മ മുഖം ഇനി ഓർമ; കവിയൂർ പൊന്നമ്മയ്ക്ക് വിട

കൊച്ചി: മലയാള സിനിമയുടെ അമ്മ മുഖമായ കവിയൂർ പൊന്നമ്മയ്ക്ക് യാത്രാമൊഴി നല്‍കി നാട്. ആലുവ കരുമാലൂരിലെ വീട്ടുവളപ്പില്‍ സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. സൂപ്പർ താരങ്ങളടക്കം മലയാള സിനിമയിലെ പ്രമുഖരുടെ വലിയ നിരയാണ് പൊതുദർശനത്തിലും സംസ്കാര ചടങ്ങിലും പങ്കെടുത്തത്.

രാവിലെ എറണാകുളം കളമശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ച പൊന്നമ്മയുടെ ഭൗതിക ശരീരത്തിൽ അന്ത്യാഞ്ജലികൾ അർപ്പിക്കാൻ നൂറ് കണക്കിന് ആളുകളാണ് എത്തിയത്. മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെയുള്ള താരനിരയും മലയാള സിനിമാ ലോകത്തിൻ്റെ പ്രിയപ്പെട്ട അമ്മയ്ക്ക് ആദരമർപ്പിക്കാനെത്തി.

ഇന്നലെ വൈകിട്ട് ആയിരുന്നു കവിയൂര്‍ പൊന്നമ്മയുടെ വിയോഗം. 79 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മെയ് മാസത്തിൽ അർബുദം സ്ഥിരീകരിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ നിന്ന് രാവിലെ ഒമ്പത് മണിയോടെയാണ് കവിയൂർ പൊന്നമ്മയുടെ മൃതദേഹം കളമശ്ശേരി ടൗൺഹാളിൽ എത്തിച്ചത്.

രണ്ട് ദിവസം മുമ്പ് മാത്രം അമേരിക്കയിലേക്ക് മടങ്ങിയ ഏക മകൾക്ക് സംസ്കാര ചടങ്ങിന് എത്താനായില്ല. ഇളയ സഹോദരനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. അമ്മ വേഷങ്ങളാണ് കവിയൂര്‍ പൊന്നമ്മയെ മലയാളി സിനിമാപ്രേമികളുടെ പ്രിയങ്കരി ആക്കിയത്. 20-ാം വയസില്‍ത്തന്നെ സത്യന്‍റെയും മധുവിന്‍റെയും അമ്മയായി അഭിനയിച്ചിട്ടുണ്ട് കവിയൂര്‍ പൊന്നമ്മ. നാനൂറിലധികം സിനിമകളിൽ അഭിനയിച്ചു. കെപിഎസി നാടകങ്ങളില്‍ അഭിനയിച്ചായിരുന്നു തുടക്കം. 1962 മുതല്‍ സിനിമയില്‍ സജീവമായി. ശ്രീരാമ പട്ടാഭിഷേകം ആയിരുന്നു ആദ്യ സിനിമ. 1964ല്‍ കുടുംബിനി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയിരുന്നു.