കൽപറ്റ/ തൃശൂർ: ഉപതിരഞ്ഞെടപ്പു നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും ഇന്നു പ്രചാരണം സമാപിക്കും. വയനാട്ടിലെ ബത്തേരിയിൽ രാവിലെ പത്തിനും കോഴിക്കോട് തിരുവമ്പാടിയിൽ ഉച്ചകഴിഞ്ഞു മൂന്നിനും നടക്കുന്ന റോഡ് ഷോകളിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്കൊപ്പം ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും പങ്കെടുക്കും. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി വൈകിട്ട് നാലിനു കൽപറ്റയിൽ റോഡ് ഷോ നടത്തും. ബത്തേരി ചുങ്കത്താണ് എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസിന്റെ പ്രചാരണസമാപനം.

ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപിനുവേണ്ടി കഴിഞ്ഞ 2 ദിവസങ്ങളിലായി 6 പൊതുയോഗങ്ങളിൽ പ്രസംഗിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പ്രചാരണത്തിനു നേതൃത്വം നൽകി. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ പ്രചാരണം നയിച്ചു.

























