ശബരിമല: മണ്ഡലകാലം തുടങ്ങിയ ശേഷം ശബരിമലയിലും പരിസര പ്രദേശങ്ങളിലുമായി തീർഥാടകർക്കു ഭീഷണിയായ 135 പാമ്പുകളെ പിടികൂടി വനംവകുപ്പ്. ചൊവ്വാഴ്ച മാത്രം നാലു പാമ്പുകളെയാണ് പിടികൂടിയത്.

കരിമൂർഖൻ, അണലി, ശംഖുവരയൻ, പച്ചില പാമ്പ്, ചേര, ചട്ടിത്തലയൻ, നാഗത്താൻ തുടങ്ങിയ പാമ്പുകളാണ് ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നത്. ചൊവ്വാഴ്ച ചേര, ചട്ടിത്തലയൻ, നാഗത്താൻ, പച്ചില പാമ്പ് എന്നിവയെയാണ് പിടികൂടിയത്. പമ്പയിൽ പിടിച്ച പാമ്പുകളുടെ കൂട്ടത്തിൽ രാജവെമ്പാലയുമുണ്ട്. സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളിൽ പരിശീലനം ലഭിച്ച മൂന്ന് പാമ്പുപിടിത്തക്കാർ ഉണ്ട്. സന്നിധാനത്ത് അഭിനേഷ് , ബൈജു, മരക്കൂട്ടത്ത് വിശാൽ എന്നിവരാണുള്ളത്. വന്യമൃഗങ്ങൾക്കു തീർഥാടകർ ഭക്ഷണം നൽകരുതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ആവർത്തിച്ചു.

























