സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ: മുതിർന്ന അഭിഭാഷകരെ ഹാജരാക്കി തടയാൻ സംസ്ഥാന സർക്കാർ

കൊച്ചി: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖ് നൽകിയിരിക്കുന്ന മുൻകൂർ ജാമ്യാപേക്ഷയെ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ എതിർക്കും. ഇതിനായി മുതിർന്ന അഭിഭാഷകരാണ് സർക്കാരിനായി ഹാജരാകുന്നത്. മുൻ സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാർ, അഡീ.സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ടി എന്നിവരാണ് സംസ്ഥാന സർക്കാരിനായി സുപ്രീം കോടതിയിൽ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.
സിദ്ദിഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

അന്വേഷണത്തോട് പൂർണമായി സഹകരിക്കുന്നുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് സിദ്ദിഖിന്റെ വാദം. അന്വേഷണ സംഘം ആവശ്യപ്പെട്ട മൊബൈൽ ഫോൺ തന്റെ പക്കലില്ലെന്നും മറ്റു രേഖകളെല്ലാം കൈമാറിയിട്ടുണ്ടെന്നും സിദ്ദിഖ് അറിയിച്ചു. അതേസമയം, സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് സംസ്ഥാനസർക്കാർ വാദം. അന്വേഷണവുമായി മുന്നോട്ട് പോവാൻ സിദ്ദിഖിനെ കസ്റ്റഡിയിൽ ആവശ്യമാണെന്നും സർക്കാർ കോടതിയെ അറിയിക്കും.

തിരുവനന്തപുരത്തെ മാസ്‌കോട്ട് ഹോട്ടലിൽ 2016 ജനുവരി 28-ന് സിദ്ദിഖ് ബലാത്സംഗംചെയ്തു എന്നാണ് പരാതിക്കാരിയുടെ ആരോപണം. സിദ്ദിഖിന് അറസ്റ്റിൽനിന്ന് ഇടക്കാലസംരക്ഷണം നൽകിയ സുപ്രീംകോടതി, ജാമ്യഹർജി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് സംസ്ഥാനസർക്കാർ സമർപ്പിച്ചത്. പരാതിനൽകാൻ വൈകി എന്നതുകൊണ്ടുമാത്രം കേസ് തള്ളിക്കളയരുതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.