സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ; ലഭിക്കുക രണ്ട് മാസത്തെ തുക

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ. രണ്ട് ഗഡുക്കളായി വിതരണം ചെയ്യും. റമദാൻ വിഷു ആഘോഷത്തിന് മുന്നോടിയായാണ് പെൻഷൻ വിതരണം. 3200 രൂപ വീതമാണ് ലഭിക്കുന്നത്. റമദാൻ-വിഷു ആഘോഷങ്ങള്‍ക്ക് മുൻപായി ആളുകളുടെ കൈയില്‍ പണമെത്തിക്കുമെന്ന് സർക്കാർ പറയുന്നത്.

ആറുമാസത്തെ ക്ഷേമ പെന്‍ഷനായിരുന്നു കുടിശിക ഉണ്ടായിരുന്നത്. രണ്ട് മാസം പെൻഷൻ കൂടി വിതരണം ചെയ്താലും ഇനിയും നാല് മാസത്തെ പെൻഷൻ കുടിശ്ശിക വിതരണം ചെയ്യാൻ ബാക്കിയാണ്. 62 ലക്ഷം ഗുണഭോക്താക്കളില്‍ മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കും.

പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും.