തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. പ്രസ്തുത പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്പുറപ്പെടുവിച്ച എല്ലാ വിജ്ഞാപനങ്ങളും റദ്ദ് ചെയ്യാനും തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

മന്ത്രിസഭാ യോഗത്തിലെ മറ്റു തീരുമാനങ്ങൾ


പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്കു നീട്ടാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണു നീട്ടുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് പ്രകടനപത്രികയിൽ പറയുന്ന കാര്യങ്ങൾ വിവിധ വകുപ്പുകൾക്കായി തിരിച്ചു നൽകി അതു പൂർത്തിയാക്കാൻ നിർദേശം നൽകിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജൂൺ 1 മുതൽ 100 ദിവസത്തെ കർമപരിപാടി നടപ്പാക്കും. പത്മ പുരസ്‌കാര ശുപാർശയ്ക്കു സമിതി രൂപീകരിച്ചു. ഹൈക്കോടതിയിൽ അഡീ.അഡ്വക്കറ്റ് ജനറലായി മുഹമ്മദ് ഷായെ നിയമിച്ചു.























