വാടാനപ്പള്ളിയിലും കിറ്റ് വിവാദം; സൂപ്പർമാർക്കറ്റ് ഉടമ കസ്റ്റഡിയിൽ, ഗോഡൗണിന്റെ മുകളിലെ മുറിയിൽ ദേവൻ

തൃശൂർ: ഒളരിക്ക് പിന്നാലെ തൃശൂർ വാടാനപ്പള്ളിയിലും കിറ്റ് വിതരണ വിവാദം. തൃശൂരിൽ വീണ്ടും ബിജെപി കിറ്റ് വിതരണം ചെയ്യുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തുവന്നതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. വാടാനപ്പള്ളിയിലെ സൂപ്പർമാർക്കറ്റിൽ വോട്ടർമാർക്ക് നൽകാനായി കിറ്റുകൾ സൂക്ഷിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ തടിച്ചുകൂടി. ബിജെപി- കോൺഗ്രസ് പ്രവർത്തകർ നേർക്കുനേർ നിന്ന് മുദ്രാവാക്യം വിളിച്ചു. വാടാനപ്പള്ളിക്ക് സമീപം ആത്മാവ് ജംഗ്ഷനിലായിരുന്നു സംഭവം.

വിതരണം ചെയ്യാനായി 2000 കിറ്റുകളാണ് തയ്യാറാക്കിയിരിക്കുന്നതെന്നും ബിജെപി പ്രവർത്തകരാണ് കിറ്റ് വിതരണം ചെയ്യുന്നതെന്നും എൽഡിഎഫ് ആരോപിച്ചു. പരാതിയെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസും ഇലക്ഷൻ ഫ്‌ലൈയിംഗ് സ്‌ക്വാഡും സൂപ്പർ മാർക്കറ്റിന്റെ ഗോഡൗൺ പരിശോധിച്ചു. പിന്നാലെ കിറ്റുകൾ പിടിച്ചെടുത്ത പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാനായി ഗോഡൗൺ ഉടമയെയും കിറ്റുകൾക്ക് ഓർഡർ നൽകിയ ആളെയും കസ്റ്റഡിയിലെടുത്തു. കിറ്റുകൾ ഉള്ളതായി ആരോപണമുയർന്ന ഗോഡൗണിന്റെ മുകളിലെ മുറിയിൽ നിന്നും ബിജെപി നേതാവും നടനുമായ ദേവൻ പുറത്തേക്ക് വന്നു. ബഗീഷ് പൂരാടനൊപ്പമാണ് ദേവൻ ഗോഡൗണിന്റെ മുകളിലെ മുറിയിൽ നിന്ന് പുറത്തേക്ക് വന്നത്. ദേവൻ ബാൽക്കണിയിലേക്ക് വന്നതോടെയാണ് ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്. സ്ഥലത്ത് നിന്ന് കണ്ടെത്തിയ കിറ്റുകൾ തെരഞ്ഞെടുപ്പ് ഫ്‌ലയിങ് സ്വകാഡ് സീൽ ചെയ്തു. നാലു വാഹനങ്ങളിലായി കിറ്റുകൾ എത്തിച്ച് വിതരണം ചെയ്തുവെന്നാണ് കോൺഗ്രസിന്റെ പരാതി. കേന്ദ്ര സേനയും സ്ഥലത്തെത്തി.