കൊല്‍ക്കത്ത: സിംഹങ്ങള്‍ക്ക് സീതയെന്നും അക്ബര്‍ എന്നും പേരിട്ടതിനെ വിമര്‍ശിച്ച് കൊല്‍ക്കത്ത ഹൈക്കോടതി. ദൈവങ്ങളുടെയും പുരാണ നായകരുടെയും പേരുകള്‍ മൃഗങ്ങള്‍ക്ക് ഇടുന്നത് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു. മതേതര രാജ്യമായ ഇന്ത്യയില്‍ സിംഹത്തിന് സീത, അക്ബര്‍ എന്നീ പേരുകള്‍ ഇട്ട് എന്തിനാണ് അനാവശ്യമായ വിവാദം ഉണ്ടാക്കുന്നതെന്നും, പേര്മാറ്റി വിവാദം ഒഴിവാക്കണമെന്ന് ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചു.

‘ആരാണ് മൃഗങ്ങള്‍ക്ക് ഇത്തരം പേരുകള്‍ ഇടുന്നത്? വിവാദം ഉണ്ടാക്കുന്നത്? ദൈവങ്ങളുടെയും പുരാണ കഥാപാത്രങ്ങളുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും മഹാന്മാരായ സാഹിത്യകാരുടെയുമൊക്കെ പേരുകള്‍ നമ്മള്‍ മൃഗങ്ങള്‍ക്ക് ഇടാറുണ്ടോ? എന്താനാണ് സിംഹങ്ങള്‍ക്ക് സീതയെന്നും അക്ബറെന്നുമൊക്കെ പേരിട്ട് വിവാദങ്ങളുണ്ടാക്കുന്നത്? സീതയുടെ കാര്യം മാത്രമല്ല, അക്ബറിന്റെ പേരിട്ടതിനേയും അംഗീകരിക്കാന്‍ കഴിയില്ല. മഹാനായ ഭരണാധികാരിയായിരുന്നു അക്ബര്‍. സിംഹങ്ങളുടെ പേരുകള്‍ മാറ്റുന്നതിന് വേണ്ട നടപടികള്‍ പശ്ചിമബംഗാള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൈക്കൊള്ളണം,’ – ഹൈക്കോടതി ആവശ്യപ്പെട്ടു.


അതേസമയം, സിംഹത്തിന് പേരിട്ടത് ത്രിപുര സര്‍ക്കാര്‍ ആണെന്നും പേര് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചതായും ബംഗാള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സീത എന്ന് പേരുള്ള പെണ്‍സിംഹത്തെ അക്ബര്‍ എന്ന ആണ്‍സിംഹത്തിനൊപ്പം പാര്‍പ്പിക്കാനുള്ള പശ്ചിമബംഗാള്‍ വനംവകുപ്പിന്റെ തീരുമാനത്തിനെതിരെ വി.എച്ച്.പി. കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സംഭവം വിവാദമാകുന്നത്.























