ഓടുന്ന കെഎസ്ആർടിസി ബസിൽ നിന്ന് തല പുറത്തേക്കിട്ടു; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് : മാങ്കാവിൽ ഓടുന്ന കെഎസ്ആർടിസി ബസിൽ നിന്ന് തല പുറത്തേക്കിട്ട യുവാവിന് ദാരുണാന്ത്യം. കണ്ണൂർ സ്വദേശി സുനിലാണ് മരിച്ചത്. യുവാവിന്റെ തല പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. കോട്ടയത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസിൽ വച്ചാണ് യുവാവിന് ദാരുണാന്ത്യമുണ്ടായത്. ബസിൽ സൈഡ് സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്നു യുവാവ്. ബസിന്റെ ഏറ്റവും പിന്നിലെ സീറ്റിലാണ് സുനിൽ ഇരുന്നിരുന്നത്. രാത്രി ഒരു മണിക്കാണ് സംഭവം നടന്നത്.

ബന്ധുക്കളും സുനിലിനൊപ്പമുണ്ടായിരുന്നു. ഒരു വലിയ ശബ്ദം കേട്ടാണ് ബസിലെ യാത്രക്കാർ തിരിഞ്ഞ് നോക്കിയത്. മറ്റ് വണ്ടികൾ വന്നിടിക്കുകയായിരുന്നോ എന്ന് വ്യക്തതയില്ലെന്ന് സുനിലിന്റെ ജേഷ്ഠൻ ട്വന്റിഫോറിനോട് പറഞ്ഞു. പൊലീസ് വിശദമായ അന്വേഷണങ്ങൾ നടത്തിവരികയാണ്. അപകടത്തിൽ ബസിന്റെ കമ്പി ഉൾപ്പെടെ വളഞ്ഞിട്ടുണ്ട്. പരുക്കേറ്റയുടൻ യുവാവിനെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.