‘വീട്ടിൽ പണിയെടുത്തിരുന്നത് നായർ ജാതിയിൽപെട്ട വ്യക്തി, കുഴികുത്തി കഞ്ഞി കൊടുക്കുന്നത് മനോഹരമായ ഓർമ്മ’; വിവാദ പരാമർശം ആവർത്തിച്ച് കൃഷ്ണകുമാർ

നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാർ ഒരിക്കൽ നടത്തിയ വിവാദമായ പ്രസ്താവനകളിൽ ഒന്നായിരുന്നു കുഴികുത്തി കഞ്ഞി കൊടുക്കുന്നതിനെ ന്യായീകരിച്ചത്. ഇപ്പോഴിതാ തന്റെ പ്രസ്താവനയെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കൃഷ്ണകുമാർ. താൻ പറഞ്ഞത് ജാതിയുമായി ബന്ധപ്പെടുത്തിയല്ലെന്നും തങ്ങളുടെ വീട്ടിൽ പണിക്ക് വരുന്ന വ്യക്തി നായർ ജാതിയിൽപ്പെട്ട ആളെന്നും കൃഷ്ണകുമാർ പറയുന്നു. തന്നെ സംബന്ധിച്ച അതൊക്കെ തന്റെ ചെറുപ്രായത്തിലേ മനോഹരമായ ഓർമ്മകളാണെന്നും കൃഷ്ണകുമാർ പറയുന്നു. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം

എനിക്കെതിരെ വന്ന വലിയൊരു വിഷയമാണ് കുഴി കുത്തി കഞ്ഞി കുടി. അതിനെ പല രീതിയിലെടുക്കാം. എന്താണ് സംഭവമെന്ന് എനിക്കറിയാം. ഞങ്ങൾ അന്ന് എറണാകുളത്ത് താമസിച്ച ഹോട്ടലിൽ രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ പോയപ്പോൾ അവിശ്വസനീയമായി, ഞങ്ങളുടെ വീട്ടിലെ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമായ പഴഞ്ചോറ് കണ്ടു. കഴിച്ച് കഴിഞ്ഞ് റൂമിലെത്തി വ്‌ളോഗ് എടുക്കുമ്പോൾ പഴഞ്ചോറ് ഭയങ്കര ടേസ്റ്റ് ആയിരുന്നുവെന്ന് സിന്ധു പറഞ്ഞു. അപ്പോൾ നിനക്ക് ഇതിന്റെ ശരിയായ ടേസ്റ്റ് അറിയില്ലെന്ന് ഞാൻ പറഞ്ഞു. പണ്ട് ഞങ്ങളുടെ വീട്ടിൽ കൃഷി ചെയ്യാനും മറ്റും ആളുകൾ വരും. ചായ മാത്രം കുടിച്ചിട്ടാണ് വരിക. പതിനൊന്ന് മണിയാകുമ്പോൾ മതി ഭക്ഷണമെന്ന് പറയും. ഇന്ന് ഒരുപാട് പാത്രങ്ങളൊന്നുമില്ല. അന്നത്തെ രീതിയാണ് ഇലയിൽ കഴിക്കുന്നത്. അത് മറഞ്ഞു പോകാതിരിക്കാൻ കുഴി കുത്തി അതിലിട്ട് കഴിക്കും. അതേക്കുറിച്ചാണ് പറഞ്ഞത്. ഓരോ കാലത്തും ഓരോ സംഭവങ്ങളുണ്ടാകും.” കൃഷ്ണകുമാർ പറയുന്നു.

നമ്മളത് കാണുകയാണ്. അധ്വാനിച്ച് വന്നിട്ടാണ് കഴിക്കുന്നത്. അതിന് പ്രത്യേക സൗന്ദര്യമാണ്. അപ്പോൾ നമുക്കും ഇതുപോലെ കഴിക്കണമല്ലോ എന്ന് തോന്നും. നമ്മളും കഴിച്ച് നോക്കും. അസാമാന്യ ടേസ്റ്റാണ്. നരേറ്റീവ് ബിൽഡിങ് എന്ന് പറയും. ജാതി വ്യവസ്ഥയൊക്കെ അതിനകത്ത് കൊണ്ടു വന്നു. ഞങ്ങളുടെ അവിടെ പണിയെടുത്തിരുന്ന വ്യക്തിയുടെ പേര് കരുണാകരൻ നായർ എന്നാണ്. അദ്ദേഹത്തിന്റെ കൊച്ചുമോൻ ഇന്ന് ജീവിച്ചിരിപ്പുണ്ട്. അതിലേക്ക് ജാതി ആംഗിൾ കൊണ്ടു വന്ന് നരേറ്റീവ് ഉണ്ടാക്കി. എന്നെ സംബന്ധിച്ച് അതൊക്കെ ചെറുപ്രായത്തിലെ മനോഹരമായ ഓർമകളാണ്. അതിനെ വേറൊരു ആംഗിൾ കൊടുത്തു. പക്ഷെ മുഴുവൻ വിഡിയോ കണ്ടവർക്ക് അറിയാം. എനിക്ക് അപ്പോൾ ഉളളിന്റെ ഉള്ളിലൊരു സന്തോഷം തോന്നി. ഇത് കട്ട് ചെയ്ത് ഇട്ട് ആർക്കെങ്കിലും പൈസയുണ്ടാക്കാൻ പറ്റുന്നുണ്ടല്ലോ. എന്നെ വിറ്റിട്ടാണെങ്കിലും നാല് പൈസയുണ്ടാക്കുന്നല്ലോ. സന്തോഷം.” കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.