കുംഭമേള വൈറൽ താരത്തിന് വീണ്ടും പൊലീസ് സംരക്ഷണം; ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: കുഭമേള വൈറൽ താരമായ പെൺകുട്ടിക്ക് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. കൊച്ചി പാലാരിവട്ടം പൊലീസിനാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിർദ്ദേശം. വനിതാ ഉദ്യോഗസ്ഥ മുഖേന സംരക്ഷണം ഉറപ്പാക്കാമെന്നും വ്യക്തമാക്കി. മുസ്ലിം യുവാവിനെ വിവാഹം കഴിച്ചതിന് പിന്നാലെ തനിക്കെതിരെ ഭീഷണിയും വിദ്വേഷ പ്രചാരണവും നടക്കുന്നതായി പെൺകുട്ടി നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

നേരത്തെ നൽകിയ ഹർജിയെത്തുടർന്ന് പൊലീസ് സംരക്ഷണം നൽകാൻ നിർദേശിച്ച് കോടതി ജൂണിൽ ഇടക്കാല ഉത്തരവിട്ടിരുന്നു. എന്നാൽ പെൺകുട്ടിയെ കണ്ടെത്താനായില്ലെന്ന പൊലീസ് റിപ്പോർട്ടിനെത്തുടർന്ന് അത് പിൻവലിച്ചിരുന്നു. പൊലീസ് സംരക്ഷണം വേണെമെങ്കിൽ നേരിട്ടോ രേഖാമൂലമോ നൽകാനും നിർദേശിച്ചു.

കേസിൽ കക്ഷിയായ എറണാകുളം സെൻട്രൽ പൊലീസിനെയാണ് പെൺകുട്ടി അപേക്ഷയുമായി സമീപിച്ചത്. ഹർജിക്കാരി ഇപ്പോൾ പാലാരിവട്ടം പൊലീസിന്റെ പരിധിയിലാണ് താമസിക്കുന്നതെന്ന് വ്യക്തമാക്കിയതിനെത്തുടർന്ന് അടിയന്ത സാഹചര്യങ്ങളിൽ ബന്ധപ്പെടാൻ വനിതാ എഎസ്‌ഐയുടെ നമ്പർ അവർക്ക് നൽകിയതായി സർക്കാർ അറിയിച്ചു. തുടർന്നാണ് പാലാരിവട്ടം എസ്എത്ത്ഒയെ സ്വമേധയാ കക്ഷിചേർത്ത് സംരക്ഷണം നൽകാൻ കോടതി നിർദേശം നൽകിയത്. ഹർജി 28ന് പരിഗണിക്കാൻ മാറ്റി.