തിരുവനന്തപുരം: കുവൈത്ത് തീപ്പിടിത്ത ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച രാവിലെ 10.30-നാണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. വെള്ളിയാഴ്ച വൈകീട്ടോടെ ഇവരുടെ മൃതദേഹങ്ങൾ പ്രത്യേക ആംബലൻസിൽ അവരവരുടെ വീടുകളിൽ എത്തിച്ചേരും. ഭൂരിഭാഗം പേരുടേയും സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച വൈകീട്ട് തന്നെയാണ് നിശ്ചയിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച വൈകീട്ടാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അരുൺ ബാബുവിന്റെ ശവസംസ്കാരം. എട്ടുമാസം മുൻപാണ് അരുൺ ബാബു, ഭാര്യയെയും മക്കളെയും നെടുമങ്ങാട് പാറയിൽക്കടവിലെ വീട്ടിലാക്കി കുവൈത്തിലേക്ക് യാത്രയായത്. കടങ്ങൾ തീർക്കണം, വീടുവെക്കണം, മകളെ നീന്തൽത്താരമാക്കണം തുടങ്ങി ആഗ്രഹങ്ങളും ബാധ്യതകളും ബാക്കിയാക്കിയാണ് അരുൺ മടങ്ങിയത്. തിരുവനന്തപുരം സ്വദേശിയായ ശ്രീജേഷ് തങ്കപ്പൻ നായരുടെ സംസ്കാരവും വെള്ളിയാഴ്ച വൈകിട്ടോടെ നടക്കും.


കൊല്ലം ശൂരനാട് വടക്ക് വയ്യാങ്കര തുണ്ടുവിള വീട്ടിൽ ഷമീർ ഉമറുദ്ദീൻറെ സംസ്കാരം വെള്ളിയാഴ്ചയാണ്. വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാനുള്ള ഓട്ടത്തിലായിരുന്നു ഷമീർ. എന്നാൽ, അതിനു തുടക്കമിടുംമുൻപേ മരണവാർത്തയെത്തി. അടുത്തമാസം നാട്ടിൽ വരാനിരിക്കെയാണ് ദുരന്തം. കുവൈത്തിൽ എൻ.ബി.ടി.സി. എന്ന കമ്പനിയിൽ ഡ്രൈവറായിരുന്നു. എട്ടുമാസം മുൻപാണ് നാട്ടിൽ വന്നുമടങ്ങിയത്. കൊല്ലം സ്വദേശി സുരേഷ് എസ്. പിള്ളയുടെ മൃതദേഹവും വെള്ളിയാഴ്ച സംസ്കരിക്കും.
ശനിയാഴ്ചയാണ് കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസിന്റെ (സാബു) സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. വീട്ടിലേക്ക് ഒരുമാസത്തിനുള്ളിൽ എത്തുമെന്ന് അറിയിച്ചിരുന്നപ്പോഴാണ് ദുരന്തം എല്ലാ പ്രതീക്ഷകളും തകർത്തത്. മുംബൈയിൽ ടെക്നിഷ്യനായി ജോലിചെയ്തിരുന്ന അദ്ദേഹം 18 വർഷങ്ങൾക്കുമുമ്പാണ് വിദേശത്തേക്കു പോയത്.
പത്തനംതിട്ട വള്ളിക്കോട് വാഴമുട്ടം പുളിനിൽക്കുന്നതിൽ വടക്കേതിൽ പി.വി. മുരളീധരൻറെ മൃതദേഹം വെള്ളിയാഴ്ച സംസ്കരിക്കും. 32 വർഷമായി കുവൈത്തിൽ ജോലി നോക്കുകയാണ് മുരളീധരൻ നായർ. 20 വർഷമായി കെ.ജി. ഏബ്രഹാമിന്റെ കമ്പനിയിൽ സൂപ്പർവൈസറായി ജോലിചെയ്യുന്നു. കഴിഞ്ഞ ഫെബ്രുവരി 20-ന് കുവൈത്തിലെ ജീവിതം ഉപേക്ഷിച്ച് മുരളീധരൻ നായർ നാട്ടിൽ താമസിക്കാനായി എത്തിയിരുന്നു. ഏറ്റെടുത്ത ചില കരാർ പണികൾകൂടി പൂർത്തിയാക്കാനുള്ളതുകൊണ്ടാണ് വീണ്ടും പോയത്.
ശനിയാഴ്ചയാണ് പത്തനംതിട്ട പന്തളം മുടിയൂർക്കോണം ശോഭനാലയത്തിൽ ആകാശ് ശശിധരൻ നായരുടെ സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. മെഡിക്കൽ സ്റ്റോറിൽ ജോലിനോക്കിയിരുന്ന ആകാശ് അമ്മയുടെ തണലിലാണ് പഠിച്ചത്. വെണ്ണിക്കുളം പോളിടെക്നിക്കിൽ നിന്ന് ഇലക്ട്രോണിക്സ് ഡിപ്ലോമയും ഇൻസ്ട്രുമെന്റേഷൻ ടെക്നോളജിയും കഴിഞ്ഞ ശേഷമാണ് വിദേശത്ത് എട്ട് വർഷം മുമ്പ് ജോലിതേടി പോയത്. മകനിൽ പ്രതീക്ഷയർപ്പിച്ചുകഴിഞ്ഞ അമ്മയ്ക്കും സഹോദരി ശാരിക്കും നികത്താൻ പറ്റാത്ത വിടവായി ആകാശിന്റെ മരണം.
ഞായറാഴ്ച വൈകീട്ട് മൂന്നിനാണ് തിരുവല്ല മേപ്രാൽ ചിറയിൽ കുടുംബാംഗം തോമസ് ഉമ്മന്റെ മൃതദേഹം സംസ്കരിക്കുക. അദ്ദേഹത്തിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുമെന്നാണ് വിവരം. പത്തനംതിട്ട കോന്നി അട്ടച്ചാക്കൽ സ്വദേശി ചെന്നിശ്ശേരിയിൽ സജു വർഗീസിന്റെ സംസ്കാരച്ചടങ്ങുകൾ (56) തിങ്കളാഴ്ചയാണ്. ചൊവ്വാഴ്ചയാണ് ചെങ്ങന്നൂർ സ്വദേശി മാത്യു തോമസിന്റെ (ബിജു-53) സംസ്കാരച്ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. 30 വർഷമായി മാത്യു കുവൈത്തിലാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് നാട്ടിലെത്തി മടങ്ങിയത്.
പത്തനംതിട്ട സ്വദേശി സിബിന് ടി. എബ്രഹാമിന്റെയും കോട്ടയം പാമ്പാടി ഇടിമണ്ണിൽ സ്റ്റെഫിൻ ഏബ്രഹാം സാബുവിന്റെ(29)യും മൃതദേഹങ്ങൾ തിങ്കളാഴ്ച സംസ്കരിക്കും.
തൃശ്ശൂർ ചാവക്കാട് പാലയൂർ സ്വദേശി ബിനോയ് തോമസിന്റെ സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നടക്കും. ജൂൺ അഞ്ചിനാണ് ബിയോയ് കുവൈത്തിലേക്ക് പോയത്. എൻ.ബി.ടി.സി കമ്പനിയുടെ കീഴിലുള്ള ഹൈവേ സെന്റർ എന്ന സ്ഥാപനത്തിലെ സെയിൽസ് വിഭാഗത്തിലായിരുന്നു ജോലി.
മലപ്പുറം പുലാമന്തോൾ സ്വദേശി മരക്കാടത്തു പറമ്പിൽ ബാഹുലേയന്റെ (36) മൃതദേഹം വെള്ളിയാഴ്ച സംസ്കരിക്കും. കുവൈത്തിലേക്ക് ഉപജീവനംതേടിയുള്ള യാത്ര ഏഴരവർഷത്തോളമാകുന്ന വേളയിലാണ് ദുരന്തം. ആദ്യ അഞ്ചുവർഷങ്ങൾ അവിടെ ഒരു കമ്പനിയിൽ സെയിൽസ്മാനായിരുന്നു. പിന്നീട് സൂപ്പർമാർക്കറ്റിൽ കാഷ്യറായി ജോലികിട്ടി.
തിരൂർ സ്വദേശി നൂഹിന്റെ സംസ്കാരവും വെള്ളിയാഴ്ചയാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ലീവ് കഴിഞ്ഞ് കുവൈത്തിലേക്കു മടങ്ങിയത്. ഗൾഫിലും മത്സ്യബന്ധനജോലിയിൽ ഏർപ്പെട്ടിരുന്ന നൂഹ് അടുത്തകാലത്താണ് മാർക്കറ്റിൽ ഫിഷ് കട്ടറായി ജോലിക്കുകയറിയത്.
കണ്ണൂർ പയ്യന്നൂർ സ്വദേശി നിതിൻറെ സംസ്കാരച്ചടങ്ങുകൾ വെള്ളിയാഴ്ച വൈകീട്ട് നടക്കും. അഞ്ചുവർഷമായി കുവൈത്തിൽ ഡ്രൈവറായി ജോലി ചെയ്തുവരികയാണ്. അവസാനമായി വീട്ടിൽ വന്നത് ഒരുവർഷം മുൻപായിരുന്നു. കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻറെ സംസ്കാരവും വെള്ളിയാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. കുവൈത്തിൽ പുതിയ ജോലിയിൽ പ്രവേശിച്ച് ഒൻപതുമാസമേ ആയിരുന്നുള്ളൂ.
കാസർകോട് ചെർക്കള സ്വദേശി കെ. രഞ്ജിത്തിന്റെ മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് സംസ്കരിക്കും. വീടിന്റെ പാലുകാച്ചിന് നാട്ടിലെത്തിയിരുന്ന രഞ്ജിത്ത് അടുത്തമാസം നാട്ടിലേക്ക് വരാനായി തയ്യാറെടുക്കുന്നതിനിടെയായിരുന്നു മരണം. കാസർഗോഡ് സ്വദേശി കേളു പൊന്മലേരിയുടെ മൃതദേഹവും വെള്ളിയാഴ്ച തന്നെ സംസ്കരിക്കും. മൂന്നുപതിറ്റാണ്ടുകാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു ദുരന്തം.























