കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസിൽ വക്കാലത്ത് ഒഴിഞ്ഞ് അഭിഭാഷകൻ. അഡ്വ. മുഹമ്മദ് സിയാദ് ആണ് വക്കാലത്ത് ഒഴിഞ്ഞത്. സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി) അംഗമായിരുന്നു അഡ്വ. മുഹമ്മദ് സിയാദ്. റിപ്പോർട്ടർ വാർത്തയ്ക്ക് പിന്നാലെയാണ് വക്കാലത്ത് ഒഴിഞ്ഞത്.

രഞ്ജിത്തിന് വേണ്ടി മുഹമ്മദ് സിയാദ് ഹാജരായത് വലിയ വിവാദമായിരുന്നു. മറ്റൊരു അഭിഭാഷകയുടെ ഫോൺ നമ്പറാണ് അഡ്വ. മുഹമ്മദ് സിയാദിന്റെ പേരിൽ ഐസിസിയിൽ നൽകിയിരുന്നത്. കുടുംബ സുഹൃത്ത് ആയതിനാലാണ് രഞ്ജിത്തിന്റെ വക്കാലത്ത് ഏറ്റെടുത്തതെന്നും ഐസിസിക്ക് നടി പരാതി നൽകിയിട്ടില്ലെന്നുമായിരുന്നു സിയാദിന്റെ പ്രതികരണം.


കഴിഞ്ഞ ദിവസം രാത്രി എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുന്ന വഴി മുട്ടത്തുവെച്ചാണ് ലൈംഗികാതിക്രമ പരാതിയിൽ എറണാകുളം സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശത്തെ തുടർന്ന് തൊടുപുഴ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കൊച്ചി പൊലീസിന് കൈമാറുകയായിരുന്നു.
സിനിമാ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. രഞ്ജിത്തിന്റെ പുതിയ സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. കൂടുതൽ പ്രാധാന്യമുള്ള റോൾ നൽകാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടിയുടെ പരാതി. കേസിൽ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. തുടർന്ന് എറണാകുളം സബ്ജയിലിലേക്ക് മാറ്റി. ജാമ്യാപേക്ഷയിൽ കോടതി ഇന്ന് തന്നെ വാദം കേൾക്കും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുക.
.























