ഞങ്ങളുടെ കണ്ണേട്ടൻ പോയി; കണ്ണൻ പട്ടാമ്പിയെ അനുസ്മരിച്ച് സുഹൃത്തുക്കൾ

മേജർ രവിയുടെ സഹോദരനും നടനും പ്രൊഡക്‌ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ വിയോ​ഗത്തിൽ സുഹൃത്തുക്കൾ ദുംഖം പങ്കുവച്ചു. സ്നേഹിക്കാൻ അറിയാവുന്ന, രോഗാവസ്ഥയിലും കൂടെ കൂടാൻ അതീവ തൽപരനായിരുന്ന ആളായിരുന്നു കണ്ണൻ പട്ടാമ്പിയെന്ന് അഭിഭാഷകൻ കൂടിയായ സുഹൃത്ത് ഹാറൂൺ റഷീദ് കുറിച്ചു.

‘‘കേട്ട കഥകളിലൊക്കെ ആൾ അല്പം താന്തോന്നിയാ അല്ലേ….. എന്നാൽ അങ്ങനെയല്ല… ഞങ്ങളിൽ ഒരുവൻ ആയിരുന്നു, സ്നേഹിക്കാൻ അറിയാവുന്നവനായിരുന്നു. രോഗാവസ്ഥയിലും ഞങ്ങളുടെ കൂടെ കൂടാൻ അതീവ തൽപരനായിരുന്നു. എത്ര സീരിയസ് മാറ്റർ ആണെങ്കിലും നർമ്മം ചാലിച്ച് രസകരമായി വിവരിക്കാൻ ഉള്ള കഴിവ് അപാരമായിരുന്നു, സിനിമയുടെ പിന്നണിയിലെ കഥകൾ ഒരു സിനിമ കഥയെക്കാളും രസകരമായി ഞങ്ങൾ കേട്ടിരിക്കാറുണ്ടായിരുന്നു… ഞങ്ങടെ വാക്കേഴ്സ് ക്ലബ്ബിന്റെ ആദ്യകാല മെമ്പർമാരിൽ ഒരാളായിരുന്നു, സർവോപരി നാട് അറിയുന്ന

പട്ടാമ്പിക്കാരനായിരുന്നു “കണ്ണൻ പട്ടാമ്പി”. ഞങ്ങളുടെ കണ്ണേട്ടൻ, മുന്നേ നടന്നു പോയി. വാക്കേഴ്സ് ക്ലബ്ബ്, പട്ടാമ്പിയുടെ ആദരാഞ്ജലികൾ.’’–ഹാറൂൺ റഷീദിന്റെ വാക്കുകൾ.കുട്ടിശങ്കരൻ-സത്യഭാമ ദമ്പതിമാരുടെ മകനായ കണ്ണൻ പട്ടാമ്പി സംവിധായകൻ മേജർ രവിയുടെ സഹോദരനാണ്. മേജർ രവി , ഷാജി കൈലാസ് , വി.കെ. പ്രകാശ്, സന്തോഷ് ശിവൻ , കെ ജെ ബോസ് , അനിൽ മേടയിൽ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളിൽ നിർമാണ നിർവഹണ രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്. പുലിമുരുകൻ, പുനരധിവാസം, അനന്തഭദ്രം, ഒടിയൻ, കീർത്തിചക്ര, വെട്ടം, ക്രേസി ഗോപാലൻ, കാണ്ഡഹാർ, തന്ത്ര, 12th മാൻ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടു. റിലീസാവാനിരിക്കുന്ന ‘റേച്ചൽ’ ആണ് അവസാനം അഭിനയിച്ച ചിത്രം.