‘ഹൃദയഭാരം തോന്നുന്നു’; മോഹൻലാലിൻറെ അമ്മയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മമ്മൂട്ടി

മോഹൻലാലിൻറെ അമ്മ ശാന്തകുമാരിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് മമ്മൂട്ടി. സോഷ്യൽ മീഡിയയിലൂടെയാണ് മമ്മൂട്ടിയുടെ കുറിപ്പ്. ഒപ്പം മോഹൻലാലും അമ്മയും ചേർന്നുള്ള ഒരു ചിത്രവും പങ്കുവച്ചിട്ടുണ്ട്. “നമുക്കെല്ലാവർക്കും ഏറെ വേണ്ടപ്പെട്ട ഒരാളുടെ വിയോ​ഗത്തിൻറെ വേളയിൽ എനിക്ക് ഹൃദയഭാരം തോന്നുന്നു. തളരാതെയിരിക്കൂ പ്രിയ ലാൽ”, എന്നാണ് മമ്മൂട്ടിയുടെ കുറിപ്പ്.

മരണവിവരം അറിഞ്ഞതിന് പിന്നാലെ എറണാകുളം എളമക്കരയിലെ വീട്ടിൽ മമ്മൂട്ടി എത്തിയിരുന്നു. സിനിമാ രംഗത്തുനിന്ന് ഒട്ടേറെപ്പേർ ഇന്നലെ എളമക്കരയിലെ വീട്ടിൽ എത്തി അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു. ഇന്നലെ ഉച്ചയോടെ ആയിരുന്നു ശാന്തകുമാരി അമ്മയുടെ മരണം. 90 വയസ് ആയിരുന്നു. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു. കൊച്ചി അമൃത ആശുപത്രിയിലാണ് ശാന്തകുമാരിയമ്മയുടെ ചികിത്സ നടത്തിയിരുന്നത്. അതേസമയം തിരുവനന്തപുരം മുടവൻമുകളിലെ വീട്ടുവളപ്പിൽ ഇന്ന് വൈകിട്ടാണ് സംസ്കാരം. കൊച്ചിയിൽ നിന്ന് മൃതദേഹം പുലർച്ചെ തിരുവനന്തപുരത്ത് എത്തിച്ചു.