പ്രിയ സുഹൃത്തിനെ അവസാനമായി കണ്ട് മമ്മൂട്ടി മടങ്ങി. 40 വര്ഷത്തിലേറെയായ സൗഹൃദമാണ് മമ്മൂട്ടിയും ശ്രീനിവാസനും തമ്മിൽ. അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണ് ശ്രീനിവാസൻ. ഭാര്യ വിമല,വിനീത് ശ്രീനിവാസനെയും ധ്യാൻ ശ്രീനിവാസനെയും ആശ്വസിപ്പിച്ചാണ് മമ്മൂട്ടി മടങ്ങിയത്. മമ്മൂട്ടിയുടെ സഹായത്തെപ്പറ്റി തന്റെ വിവാഹത്തെ കുറിച്ച് ശ്രീനിവാസൻ ഒരു അഭിമുഖത്തിൽ പറഞ്ഞത് വളരെ രസകരമായാണ്. ഒരു ക്രിസ്ത്യാനി തന്റെ ഭാര്യയുടെ വള വിറ്റ കാശ് കല്യാണ ചെലവിനായി തന്നു, താലി വാങ്ങാൻ കാശ് തന്നത് ഒരു മുസ്ലീം. എന്നിട്ട് ഹിന്ദുവായ ഞാൻ വിവാഹം ചെയ്തു. അത്രയേയുള്ളൂ മനുഷ്യരുടെ കാര്യം. ഇവിടെ വേർതിരിവുകൾ ഒന്നും ഇല്ല എന്നാണ്.

സാമ്പത്തികമായി വല്ലാത്ത ഒരു അവസ്ഥയിൽ നിൽക്കുമ്പോഴായിരുന്നു കല്യാണം നടന്നത്. ഇന്നസെന്റിനോടാണ് ആദ്യം പറഞ്ഞത്, ഞാനൊരു വിവാഹം കഴിക്കാനായി പോകുകയാണ്. രജിസ്റ്റർ വിവാഹമാണ്, വലിയ ആളുകളൊന്നുമില്ല, കാശുമില്ല. പക്ഷേ ലളിതമായി അതങ്ങ് നടത്തണം എന്ന്. എനിക്കറിയാം ഇന്നസെന്റിന്റെ കൈയ്യിലും അന്ന് കാശൊന്നും ഇല്ല.


കുറച്ച് കഴിഞ്ഞപ്പോൾ അദ്ദേഹം കാശുമായി വന്നു. ഇതെവിടെ നിന്നാണ് എന്ന് ഞാൻ ചോദിച്ചപ്പോൾ, ആലീസിന്റെ രണ്ട് വള പോയി എന്നായിരുന്നു മറുപടി. അതും വാങ്ങി നേരെ മമ്മൂട്ടിയുടെ അടുത്ത് പോയി. എനിക്കൊരു രണ്ടായിരം രൂപ വേണം. ഞാനൊരു കല്യാണം കഴിക്കാൻ പോകുകയാണ്, താലി വാങ്ങണം. വേറെ വഴിയൊന്നും ഇല്ല എന്ന് പറഞ്ഞു.
ആരെയും വിളിക്കുന്നില്ല എന്നും മമ്മൂട്ടിയോട് പറഞ്ഞിരുന്നുവത്രെ.എന്നാൽ മമ്മൂട്ടി രണ്ടായിരം രൂപ കൊടുത്തു, ആരുമില്ലേലും ഞാൻ വരികയും ചെയ്യും എന്ന് പറഞ്ഞു. അങ്ങനെ വാങ്ങിയ താലികൊണ്ടാണ് ഞാൻ വിമലയുടെ കഴുത്തിൽ താലി ചാർത്തിയത് എന്നാണ് ശ്രീനിവാസൻ പറഞ്ഞത്. അതേസമയം അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസൻ്റെ സംസ്കാര ചടങ്ങുകൾ നാളെ രാവിലെ നടക്കും. കണ്ടനാടുള്ള വീട്ടുവളപ്പിൽ നാളെ രാവിലെ 10 മണിക്കായിരിക്കും സംസ്കാരമെന്ന് സംവിധായകൻ രഞ്ജി പണിക്കർ മാധ്യമങ്ങളോട് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 1 മണിമുതൽ 3 വരെ എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ ആദരാഞ്ജലി അർപ്പിക്കാനെത്തും.























